Connect with us

Kerala

'കാലമെത്ര മാറിയാലും ചില ആളുകള്‍ മാറില്ല': മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍വുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുഖത്ത് നില്‍ക്കുമ്പോഴെങ്കിലും മാറി ചിന്തിക്കണം. കാലം എത്ര മാറിയാലും ചിലയാളുകള്‍ മാറില്ലെന്നതിന് തെളിവാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ മുല്ലപ്പള്ളി വിമര്‍ശിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതാണ് നമ്മുടെ സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളി ഇന്ന് കെ പി സി സിയുടെ പ്രസിഡന്റാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. പ്രവാസി പ്രമുഖരുമായുള്ള ചര്‍ച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കഥയറിയാതെ ആട്ടം കാണുകയാണ് മുല്ലപ്പള്ളി ചെയ്യുന്നത്.

രാജ്യത്തിന് പുറത്തെ മലയാളി സമൂഹത്തിലെ സാധാരണക്കാരും പ്രമുഖരും സംഘടന നേതാക്കളും ബിസിനസുകാരുമെല്ലാം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ അതത് പ്രദേശത്ത് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോകകേരള സഭ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഇതിന് രണ്ടിനും ശേഷമാണ് കൂടിക്കാഴ്ച നടത്തിയത്.

20 രാജ്യങ്ങളിലെ 40ഓളം പേരാണ് പങ്കെടുത്തത്. ഇക്കൂട്ടത്തില്‍ എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ ശതകോടീശ്വരന്മാരും ഉണ്ടായിരുന്നു. വിവിധ മേഖലയില്‍നിന്നുള്ളവരും പങ്കെടുത്തു. ഇവരില്‍ ആരാണ് നമുക്ക് പറ്റാത്തവരായുള്ളത് എന്ന കാര്യം മുല്ലപ്പള്ളി തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസലോകത്ത് കേരളീയര്‍ക്കായി ഇടപെടുന്നവരാണ് പങ്കെടുത്തവരെല്ലാം. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നതിന് എന്ത് മറുപടിയാണ് പറയുക. ഇടുങ്ങിയ ചിന്തകള്‍ഇത്തരം ദുരന്തമുഖത്തെങ്കിലും ഒഴിവാക്കണം. പ്രവാസികളോടുള്ള നിലപാടില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest