ലോക്ക്ഡൗൺ: മുങ്ങിയ ടെക്കികളെ പൊക്കാൻ ഐ ടി കമ്പനികൾ

Posted on: April 7, 2020 4:37 pm | Last updated: April 7, 2020 at 4:37 pm

ബെംഗളൂരു | ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ വർക്ക് ഫ്രം ഹോമിന്റെ സാധ്യത ഉപയോഗപ്പെടുത്തി നിരവധി ഐ ടി ജീവനക്കാർ ബെംഗളൂരു നഗരത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മുങ്ങിയതായി റിപ്പോർട്ട്. ഇവരെ കൈയോടെ പൊക്കാൻ ഐ ടി കമ്പനികൾ നടപടികൾ കർശനമാക്കി. നഗരത്തിൽ തന്നെയുണ്ടെന്ന് തെളിയിക്കാൻ ജീവനക്കാരോട് ലൊക്കേഷനും വീഡിയോ ദൃശ്യങ്ങളുമാണ് കമ്പനി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിൽ ഇല്ലെങ്കിൽ ശമ്പളം വെട്ടിക്കുറക്കാനും ആവശ്യമില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് കമ്പനികളുടെ തീരുമാനം.

ഇന്റർനെറ്റ് സൗകര്യമടക്കം ഉറപ്പാക്കിയാണ് ജീവനക്കാർക്ക് താമസസ്ഥലത്ത് ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. നഗരം വിട്ടുപോകരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ, നിർദേശങ്ങൾ കാറ്റിൽ പറത്തി ഒരു കൂട്ടം ജീവനക്കാർ സ്വന്തം നാട്ടിലേക്ക് പോയിരിക്കുകയാണെന്നാണ് കമ്പനി മേധാവികൾക്ക് ലഭിച്ച വിവരം. നാട്ടിലേക്ക് പോകാതെ, അതാത് പ്രദേശത്ത് തന്നെ നിൽക്കാനാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ, ഈ ലക്ഷ്യത്തെ വെല്ലുവിളിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കമ്പനികൾ ആരോപിക്കുന്നു.

ജീവനക്കാർ ഭൂരിഭാഗവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ നഗരത്തിലെ ഐ ടി കമ്പനികളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. ഓഫീസിലെ പ്രവൃത്തി സമയത്ത് തന്നെയാണ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും. വീഡിയോ കോൺഫറൻസിംഗിലൂടെ ജീവനക്കാർക്ക് പരസ്പരം ആശയ വിനിമയം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഫീസിൽ നിന്നാണ് കമ്പ്യൂട്ടറുകൾ വീടുകളിലെത്തിച്ചത്. ജീവനക്കാരുടെ സഹകരണം പൂർണമായി ഉറപ്പ് വരുത്തിയാണ് ഈ സംവിധാനങ്ങൾ ഒരുക്കിയതെന്ന് ഐ ടി കമ്പനികൾ പറയുന്നു.

അതേസമയം, ഒരു വിഭാഗം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. സർക്കാറുമായി ബന്ധപ്പെട്ട കൂടുതൽ സുരക്ഷ ആവശ്യമായ പ്രൊജക്ടുകൾ വീടുകളിൽ ഇരുന്ന് ചെയ്യാൻ ഐ ടി കമ്പനികൾ ജീവനക്കാർക്ക് അനുമതി നൽകിയിട്ടില്ല. വിവരങ്ങൾ ചോരുമെന്ന ആശങ്കയുള്ളതിനാലാണിത്. ലോക്ക്ഡൗൺ പിൻവലിച്ചാലുടൻ ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്നാണ് ഐ ടി കമ്പനികൾ നൽകിയിരിക്കുന്ന നിർദേശം.