Connect with us

Covid19

പായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി ഇറങ്ങിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്.

സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ പായിപ്പാട്ട് സംഭവത്തിന് പിന്നിലുണ്ട് എന്ന സൂചനയുണ്ട്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്.അതിഥി തൊഴിലാളികളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല.തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. നിന്നിടത്തു തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല.

എന്നിട്ടും അവര്‍ക്കിടയില്‍ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണര്‍ത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്.ഇന്നത്തെ സംഭവം സമൂഹത്തില്‍ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കള്‍ മതി, പാകം ചെയ്യാം എന്നു പറഞ്ഞവര്‍ക്ക് അതു നല്‍കി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്. പായിപ്പാട് സംഭവം സമൂഹത്തില്‍ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ് എന്നു ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കും.

അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ നികത്തും. നിലവില്‍ അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാന്‍ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും നടപ്പാക്കും. സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി, തെറ്റിദ്ധാരണകളില്‍ കുടുങ്ങാതെ സഹകരിക്കണം എന്നാണ്. തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തില്‍നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാന്‍ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും.

Latest