Connect with us

Covid19

രോഗികൾക്ക് റോബോട്ട് നഴ്സ്; പരീക്ഷണവുമായി ജയ്പൂർ ആശുപത്രി

Published

|

Last Updated

ജയ്പൂർ | കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ട് നഴ്‌സിനെ പരീക്ഷിച്ച് രാജസ്ഥാനിലെ സർക്കാർ ആശുപത്രി. ആശുപത്രി ജീവനക്കാർക്ക് രോഗം വരാതിരിക്കാനാണ് ഈയൊരു പരീക്ഷണത്തിന് ജയ്പൂരിലെ ആശുപത്രി മുതിർന്നത്. നിലവിൽ നഴ്‌സുമാരടക്കമുള്ളവർ കൊവിഡ് രോഗികളെ സമീപിക്കുന്നത് പ്രത്യേക കവചിത വസ്ത്രങ്ങൾ അണിഞ്ഞാണ്.

ക്ലബ് ഫസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് റോബോട്ടിനെ നൽകിയതെന്ന് എസ് എം എസ് ആശുപത്രി സൂപ്രണ്ട് ഡോ. ഡി എസ് മീണ അറിയിച്ചു. നഴ്‌സുമാർ ചെയ്യുന്ന മരുന്ന്, ഭക്ഷണ വിതരണത്തിനാണ് റോബോട്ടിനെ ഉപയോഗിക്കുക. റോബോട്ട് പ്രവർത്തനത്തിന്റെ കാര്യക്ഷമത വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

റോബോട്ടിനെ നിയന്ത്രിക്കാൻ നിർമിത ബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിംഗ്‌സുമാണ് ആശുപത്രി ഉപയോഗിക്കുക. അതിനാൽ തറയിലെ പ്രത്യേക ലൈനുകൾ റോബോട്ടിന് ഉപയോഗിക്കേണ്ടി വരില്ല. സ്വന്തം നിലക്ക് തന്നെ ചലിക്കും. ലിഫ്റ്റ് ഉപയോഗിച്ച് നിശ്ചിത വാർഡിലെ നിശ്ചിത ബെഡ്ഡിനരികിൽ എത്തുകയും ചെയ്യും. ബാറ്ററി തീരാനായാൽ ചാർജിംഗ് പോയിന്റിനടുത്തേക്കും പോകുമെന്ന് റോബോട്ട് വികസിപ്പിച്ച ഭുവനേശ് മിശ്ര പറഞ്ഞു.

Latest