Connect with us

Editors Pick

പ്രാര്‍ഥനകളില്‍ അഭയം പ്രാപിക്കുക

Published

|

Last Updated

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമാക്കപ്പെട്ട മിഅ്റാജിന്റെ ദിനമാണ് ഇന്ന്. ഭൗതികമായ എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചെറിഞ്ഞ് അശ്റഫുല്‍ ഖല്‍ഖ് (സ്വ) അല്ലാഹുവിന്റെ വിരുന്നുകാരനായി വാന ലോകത്തേക്ക് യാത്രയായത് ഇതുപോലെയൊരു റജബിലെ തിങ്കളാഴ്ച രാവിലായിരുന്നു. ഈ വേളയില്‍ സുപ്രധാനമായ ഏതാനും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താം. യഥാര്‍ഥത്തില്‍ ഇസ്‌റാഅ് – മിഅ്‌റാജ് അശ്റഫുല്‍ ഖല്‍ഖിന്റെ ത്യാഗപൂര്‍ണമായ സമര ജീവിതത്തിന് അല്ലാഹു ആവേശം പകര്‍ന്നതായിരുന്നുവെന്ന് വേണമെങ്കില്‍ ഈ കൊറോണ സമരമുഖത്തിരുന്ന് നമുക്ക് വായിക്കാം.

ആധുനിക മനുഷ്യാനുഭവത്തിലെ അപൂര്‍വമായൊരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്നുവരെ 160ല്‍ അധികം രാജ്യങ്ങളില്‍ 12,000 ഓളം പേരുടെ ജീവനെടുത്ത കൊറോണ മഹാമാരി നിയന്ത്രണങ്ങളില്ലാതെ പടരുകയാണ്. വികസിത- അവികസിത രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെയാണ് വൈറസിന്റെ വ്യാപനം. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കമ്യൂണിറ്റി സ്പ്രെഡ് അഥവാ സമൂഹ വ്യാപനം വരാതെ നോക്കുകയെന്ന അതി ശ്രമകരമായ ദൗത്യത്തിലാണ് നാമെല്ലാം. കാര്യകര്‍ത്താക്കളെ അനുസരിക്കുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ചും ജാഗ്രതയല്ലാതെ മരുന്നില്ലാത്ത ഈ പകര്‍ച്ച വ്യാധിയുടെ മുന്നില്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും ചെറിയ ആള്‍ക്കൂട്ടങ്ങളിലേക്കു പോലും പോകാതെയും പരസ്പരം അകലം പാലിച്ചും വൃത്തിയും വെടിപ്പും ശീലിച്ചും നാം ഉത്തരവാദിത്വം കാണിക്കണം.

കൊറോണയിലൂടെ ലോകം അവസാനിക്കാന്‍ പോകുന്നില്ല. മനുഷ്യ ചരിത്രത്തില്‍ വിവിധ കാലങ്ങളിലായി നിരവധി മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. പ്ലേഗും വസൂരിയും എബോളയും വിവിധ തരം പനികളുമായി ആ പട്ടിക നീളമുള്ളതാണ്. ഇസ്ലാമിക ഗ്രന്ഥങ്ങളിലെല്ലാം ഇത്തരം അനുഭവങ്ങള്‍ ധാരാളം പങ്കുവെച്ചിട്ടുണ്ട്. അവയെയെല്ലാം അതിജീവിച്ചാണ് നാം ഇവിടെയെത്തിയത്. കൊറോണയുടെ ഭീതിയില്‍ നാം മനസ്സ് മരവിച്ചവരായിപ്പോകരുത്. നമ്മുടെ ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ആലോചിച്ച് നിഷ്‌ക്രിയരും നിരാശരുമാകരുത്. ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് കരുതി അല്ലാഹുവിന്റെ ഓശാരമായ ആയുസ്സിനെ പറിച്ചെറിയരുത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ പരീക്ഷണമാണിത്. അവയെ നാം എങ്ങനെ നേരിടുന്നു, എന്തു പാഠം പഠിക്കുന്നു, നമ്മുടെ ജീവിതം ഏതു വിധത്തില്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു എന്നീ വിഷയങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥരാണ് നമ്മള്‍. എന്നാല്‍ മനസ്സറിഞ്ഞ പ്രാര്‍ഥനയിലൂടെയും അവനിലേക്ക് കൂടുതല്‍ അടുക്കുന്നതിലൂടെയും എല്ലാ പ്രശ്നങ്ങളെയും തട്ടി മാറ്റി മുന്നോട്ട് പോകാനാകും.

ദുരന്തമുഖത്ത് കാഴ്ചക്കാരായി നില്‍ക്കുന്നവരാകരുത് നാം. ഇത് ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിനായുള്ള വിശുദ്ധ യുദ്ധമാണ്. ജീവന്‍ രക്ഷിക്കുകയെന്നതിന് ഇസ്ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ചും ഒപ്പമുള്ളവരെ ബോധവത്കരിച്ചും ഈ ജാഗ്രതയില്‍ നാം ഭാഗമാകുക. ഭയപ്പെട്ട് മാറി നില്‍ക്കലും നിസ്സാരവത്കരിച്ച് നിയന്ത്രണങ്ങളെ പൊളിക്കലും വലിയ തെറ്റാണ്. ഈ വിശുദ്ധ ദിനത്തില്‍ ഇക്കാര്യത്തിനായി പ്രിയപ്പെട്ട വിശ്വാസികള്‍ എല്ലാവരും പ്രതിജ്ഞയെടുക്കണം. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും ചെറിയ ആള്‍ക്കൂട്ടങ്ങളിലേക്കു പോലും പോകാതെയും പരസ്പരം അകലം പാലിച്ചും വൃത്തിയും വെടിപ്പും ശീലിച്ചും നാം ഉത്തരവാദിത്വം കാണിക്കണം. പ്രാര്‍ഥനകളില്‍ അഭയം പ്രാപിക്കണം.