Connect with us

Covid19

കൊവിഡ് 19 പ്രതിസന്ധി: ബേങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയത്തിന് ബേങ്കേഴ്‌സ് സമിതി ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19നെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബേങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കാന്‍ ബേങ്കേഴ്‌സ് സമിതി സബ് കമ്മിറ്റിയുടെ ശിപാര്‍ശ. എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കിയുള്ളതാണ് ശിപാര്‍ശ. 2020 ജനുവരി 31 മുതല്‍ 12 മാസക്കാലത്തേക്കാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തുക. ജനുവരി 31 വരെ മുടക്കമില്ലാതെ വായ്പ തിരിച്ചടവ് നടത്തിയവര്‍ക്കാണ് ഇളവ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന കാലത്ത് വരുമാനമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 10000 രൂപ മുതല്‍ 25000 രൂപ വരെ വായ്പ നല്‍കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

എസ് എല്‍ ബി സി കണ്‍വീനര്‍ അജിത് കൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കാണ് വായ്പാ ഇളവ് നല്‍കുക. ഇതിന് പലിശ അധികമായി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബേങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സമിതി അംഗീകരിക്കുകയും ചെയ്തു. സബ് കമ്മിറ്റി ശിപാര്‍ശകള്‍ റിസര്‍വ് ബേങ്ക് അംഗീകരിക്കുന്നതോടെ ഇത് പ്രാബല്യത്തിലാകും.