ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു അതിഥി കൂടി

Posted on: March 9, 2020 12:19 pm | Last updated: March 9, 2020 at 12:19 pm


കൽപ്പറ്റ | നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്ന് കിടക്കുന്ന തൊള്ളായിരംകണ്ടി മേഖലയിൽ നിന്ന് പുതിയയിനം സസ്യത്തെ കണ്ടെത്തി. ശാസ്ത്ര ലോകത്തിന് അജ്ഞാതമായിരുന്ന സൊണറില്ല ജീനസ്സിൽപ്പെടുന്ന സസ്യത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ നീരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയ ചെടിക്ക് “സൊണറില്ല സുൽഫി’ എന്ന് നാമകരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സഊദിയിലെ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി പ്രൊഫ. ഡോ. എം എം സുൽഫിയോടുള്ള ആദരവായാണ് ഈ സസ്യത്തിന് “സൊണറില്ലാ സുൽഫി’ എന്ന് നാമകരണം നൽകിയിട്ടുള്ളത്.

വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകനായ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം സലീം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശൂർ കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഡോ. ഹൃതിക് തുടങ്ങിയവരാണ് ഈ ശാസ്ത്ര കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചവർ.