Connect with us

International

ആറു വയസ്സുകാരനെ ഭക്ഷണം നല്‍കാതെ അലമാരയില്‍ പൂട്ടിയിട്ട് കൊന്നു; മാതാപിതാക്കളും മുത്തശ്ശിയും അറസ്റ്റില്‍

Published

|

Last Updated

അരിസോണ | സമയാസമയങ്ങളില്‍ ആഹാരം നല്‍കാതെ രണ്ട് ആണ്‍കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടതിനെത്തുടര്‍ന്ന് ആറു വയസ്സുള്ള ആണ്‍കുട്ടി മരിക്കാനിടയായതിന് മാതാപിതാക്കളേയും മുത്തശ്ശിയേയും പോലീസ് അറസ്റ്റു ചെയ്തു. ഏകദേശം ഒരു മാസത്തോളമാണ് രണ്ട് കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടത്. തന്മൂലം പോഷകാഹാരക്കുറവു മൂലമാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

മാതാപിതാക്കളായ ആന്റണി ജോസ് ആര്‍ക്കിബെക്ക് മാര്‍ട്ടിനെസ് (23), എലിസബത്ത് ആര്‍ക്കിബെക്ക് മാര്‍ട്ടിനെസ് (26), മുത്തശ്ശി ആന്‍ മേരി മാര്‍ട്ടിനെസ് (50) എന്നിവര്‍ക്കെതിരെയാണ് കുറ്റകരമായ നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഫ്‌ലാഗ്സ്റ്റാഫ് പോലീസ് കേസെടുത്തത്.

അരിസോണയിലെ ഫ്‌ലാഗ്സ്റ്റാഫിലെ നോര്‍ത്ത് മോണ്ടെ വിസ്റ്റ ഡ്രൈവ് 3100 ബ്ലോക്കിലുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30നാണ് പോലീസ് എത്തിയത്. കുട്ടി ചലിക്കുന്നില്ല എന്ന വിവരം ലഭിച്ചതനുസരിച്ചായിരുന്നു ഇത്. പാരാമെഡിക്കല്‍ സ്റ്റാഫ് എത്തുന്നതുവരെ പോലീസ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മെഡിക്കല്‍ സ്റ്റാഫിനും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് പരിശോധിക്കുകയും മാതാപിതാക്കളേയും മുത്തശ്ശിയേയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, ഏഴു വയസ്സുള്ള മറ്റൊരു കുട്ടി പോഷകാഹാരക്കുറവു മൂലം ക്ഷീണിതനായി കാണപ്പെട്ടതോടെ കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ആറും ഏഴും വയസ്സുള്ള ആണ്‍കുട്ടികളെ മാതാപിതാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ ഏകദേശം ഒരു മാസത്തോളം ഭക്ഷണം കൊടുക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന വിവരം കിട്ടിയതായി പോലീസ് പറയുന്നു.

പോഷകാഹാരക്കുറവുള്ളതായി പോലീസ് പറഞ്ഞ ഏഴുവയസ്സുള്ള സഹോദരനോടൊപ്പം കിടപ്പുമുറിയിലെ അലമാരയ്ക്കകത്ത് ആറു വയസ്സുകാരനേയും അടച്ചിട്ടു എന്നും, ചില സമയങ്ങളില്‍ മാത്രമേ ഭക്ഷണം നല്‍കുകയുള്ളൂ എന്നും മാതാപിതാക്കള്‍ സമ്മതിച്ചു. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രിയില്‍ ഭക്ഷണം മോഷ്ടിച്ചതിനാലാണ് ആണ്‍കുട്ടികളെ ശിക്ഷിക്കാന്‍ അലമാരയ്ക്കകത്ത് അടച്ചിട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ആണ്‍കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടിരുന്നത് തനിക്ക് അറിയാമെന്നും, ഭക്ഷണം മോഷ്ടിച്ചതുകൊണ്ട് താന്‍ പറഞ്ഞിട്ടാണ് അവരെ ശിക്ഷിച്ചതെന്ന് മുത്തശ്ശിയും സമ്മതിച്ചു. അരിസോണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചൈല്‍ഡ് സേഫ്റ്റി (ഡിസിഎസ്) ഉദ്യോഗസ്ഥര്‍ ഏഴുവയസ്സുകാരനെയും രണ്ട്, നാല് വയസുള്ള സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തു.

ആറ് വയസുകാരന്റെ മരണത്തില്‍ അന്വേഷണം തുടരുകയാണെന്നും മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമേ മരണകാരണം നിര്‍ണ്ണയിക്കാന്‍ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. മറ്റ് വിവരങ്ങളൊന്നും ഇപ്പോള്‍ നല്‍കാനാവില്ലെന്നും പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ

Latest