Connect with us

National

യാത്രക്കിടെ യൂബര്‍ ഡ്രൈവര്‍ ഉറങ്ങി; വളയം ഏറ്റെടുത്ത് യാത്രക്കാരി; സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഡ്രൈവര്‍ കുടുങ്ങി

Published

|

Last Updated

പൂനെ | വീട്ടിലേക്ക് പോകാന്‍ യൂബര്‍ ടാക്‌സി വിളിച്ച 28കാരിക്ക് ഇടക്ക് ഡ്രൈവറാകേണ്ടി വന്നു. പൂനെയിലാണ് സംഭവം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറക്കം തൂങ്ങിയതോടെയാണ് യാത്രക്കാരിക്ക് വളയം പിടിക്കേണ്ടി വന്നത്. പൂനെയില്‍ നിന്ന് മുംബൈയിലെ വീട്ടിലേക്ക് പോകുകയായിരുന്ന തേജസ്വിനി ദിവ്യ നായികിനാണ് ഈ അനുഭവമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഫെബ്രുവരി മാസം 21 ന് ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ അന്ധേരിയിലെ വീട്ടിലേക്ക് പോകാനാണ് തേജസ്വിനി ക്യാബ് ബുക്ക് ചെയ്തത്. യാത്ര ആരംഭിച്ചത് മുതല്‍ ഡ്രൈവര്‍ നിരന്തരം ഫോണില്‍ സംസാരിക്കുകയായിരുന്നു. ഡ്രൈവിംഗ് സമയത്ത് ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഫോണ്‍ വെച്ച അയാള്‍ പിന്നീട് ഉറക്കം തൂങ്ങാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ കാര്‍ മറ്റൊരു കാറിലും ഒരു ഡിവൈഡറിലും ഇടിച്ചു. ഇതോടെ അപകടം മനസ്സിലാക്കിയ യാത്രക്കാരി വളയംപിടിക്കാന്‍ തയ്യാറാവുകയായിരുന്നു.

താന്‍ കാര്‍ ഓടിക്കാമെന്നും ഡ്രൈവര്‍ക്ക് കുറച്ച് നേരം ഉറങ്ങാമെന്നും തേജസ്വിനി പറഞ്ഞതോടെ അയാള്‍ അംഗീകരിച്ചു. അര മണിക്കൂര്‍ അയാളോട് ഉറങ്ങാന്‍ പറഞ്ഞുവെങ്കിലും അയാള്‍ ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. ഇതിനിടയില്‍ തേജസ്വിനിയുടെ ഡ്രൈവിംഗ് കഴിവിനെ ഇയാള്‍ പുകഴ്ത്തുകയും ചെയ്തു. പിന്നീട് ഡ്രൈവര്‍ അല്‍പം ഉറങ്ങിയപ്പോള്‍ തെളിവിനായി തേജസ്വിനി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് ഡ്രൈവര്‍ ഉറക്കമുണര്‍ന്ന് ഡ്രൈവിംഗ് ഏറ്റെടുത്തു.

സംഭവത്തിന്റെ ഒരു വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ക്യാബ് കമ്പനിയെ ടാഗ് ചെയ്യുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടപ്പോള്‍, സംഭവം ഖേദകരമാണെന്നും െൈഡ്രവറുടെ യൂബര്‍ അക്കൗണ്ട് താത്കാലികമായി റദ്ദാക്കിയതായും യൂബര്‍ കമ്പനി അറിയിച്ചതായി തേജസ്വിനി പറഞ്ഞു.

Latest