Connect with us

Travelogue

മണ്ണിനെ പ്രണയിക്കുന്ന മനുഷ്യർ

Published

|

Last Updated

മണ്ണിനെ പ്രണയിക്കുന്ന മനുഷ്യർ. അതാണ് ഇടുക്കിയിലെ വട്ടവട ഗ്രാമം. അവർക്ക് കൃഷിയല്ലാതെ മറ്റൊരു ലോകമില്ല. പുലരുമ്പോൾ മുതൽ അന്തിയാവോളം പ്രകൃതിയോട് പടവെട്ടി മണ്ണിൽ ജീവിതം നയിക്കുന്നവർ. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ മാറി സമുദ്ര നിരപ്പിൽ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത വട്ടവട ഗ്രാമം നില കൊള്ളുന്നത്. പരമ്പരാഗത കൃഷികളും ജൈവ കൃഷി രീതികളും ഇപ്പോഴും പിന്തുടരുന്നു. ക്യാരറ്റ്, ബീൻസ്, ക്യാബേജ്, കോളി ഫ്ലവർ, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സ്‌ട്രോബറി, തക്കാളി എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തുപോലും താപനില അസഹനീയമായ നിലയിൽ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങൾക്കപ്പുറം യൂക്കാലി, പൈൻ തുടങ്ങിയ മരങ്ങൾ വളർന്നു നിൽക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂർവ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം. ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാൽ, മാട്ടുപെട്ടി, ടോപ്‌സ്‌റ്റേഷൻ, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. പാമ്പാടൻ ഷോല നാഷനൽ പാർക്കിന്റെ ചെക്ക് പോസ്റ്റ് കടന്നുവേണം കോവിലൂർ വഴി വട്ടവടയെത്താൻ. വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവർഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങൾ, ഭാഷ, ഒറ്റമൂലികൾ എന്നിവ ഏറെ വ്യത്യസ്തവുമാണ്. അങ്ങിനെ യാത്ര മൂന്നാറിലെ മനോഹരമായ തേയിലത്തോട്ടതിലൂടെയുള്ള യാത്ര പാമ്പാടൻ ഷോല നാഷണൽ പാർക്കിന്റെ ചെക്ക് പോസ്റ്റിനു മുന്നിലെത്തി.. നമ്മുടെ ജിന്ന് കാറിൽ നിന്ന് ഇറങ്ങി ചെക്‌പോസ്റ്റിൽ കാറിന്റെ നമ്പറും പേരും ഒപ്പും എല്ലാം നൽകി. രാത്രി 6:30 മുന്നേ തിരിച്ചെത്തണം എന്ന നിർദേശവുമായി യാത്ര തുടങ്ങി.

മൂന്നാർ ഗ്രാമീണ സുന്ദരിയെ കാണാൻ

പോകുന്ന വഴിയിലുടനീളം മനോഹരമായ കാഴ്ചകൾ. ചുറ്റും രണ്ടുവശത്തും ഇടതൂർന്നുനിൽക്കുന്ന യൂക്കാലി, പൈൻ തുടങ്ങിയ മരങ്ങൾ. ഒരു മനസിന് കുളിർമ നൽകുന്ന ഒരു യാത്ര. കാറിന്റെ ഗ്ലാസ് താഴ്ത്തി കാഴ്ചകൾ കാണുന്നതിനോടാപ്പം കുളിർമയുള്ള കാറ്റേറ്റ് ഇത്തിരി നേരം കണ്ണടച്ചിരുന്നു. ഇടക്ക് ചെറിയ ചാറ്റൽ മഴ പെയ്തതിനാൽ നല്ല മണ്ണിന്റെ മണം അവിടെ പരന്ന് കിടക്കുന്നു. ആസ്വാദ്യകരം. പോകുന്നതിനിടയിൽ മാൻ, കുരങ്ങ് തുടങ്ങി പല ജീവികളേയും കാണാൻ സാധിച്ചു. ജീവികളുടെ വിഹാര പ്രദേശമാണ് ഈ പാത. അതുകൊണ്ടാണ് ഇവിടെ രാത്രി യാത്ര അനുവദിക്കാത്തത്. കാഴ്ചകൾ കണ്ടങ്ങനെ ഞങ്ങൾ വട്ടവടയിലെത്തി. മനോഹരമായ ഗ്രാമം. ചുറ്റും തട്ട് തട്ടായി പച്ച പിടിച്ചു കിടക്കുന്ന കൃഷി സ്ഥലങ്ങൾ. അവിടെ സ്ത്രീകളും കുട്ടികളും അവരുടെ കൃഷി സ്ഥലങ്ങളിൽ പണികളിൽ ഏർപ്പെട്ടിരിക്കുന്നു.

സ്‌ട്രോബറിത്തോട്ടങ്ങളുടെ നാട്

കാഴ്ചകളെല്ലാം ആസ്വദിച്ചു പോകുന്നതിനിടയിൽ പെട്ടെന്ന് രണ്ട് കുട്ടികൾ ഞങ്ങളുടെ കാറിന് മുന്നിൽ വന്ന് കൈകാണിച്ചു. എന്തെന്നറിയാതെ ഞങ്ങൾ കാർ നിർത്തി. അവർ സട്രോബറിക്കച്ചവടം നടത്തുകയാണ്. ചിരിച്ചുകൊണ്ട് ഞങ്ങളോട് സ്‌ട്രോബറി വേണോയെന്ന് ചോദിച്ചു. അധികം വിഷപ്പില്ലാത്തതിനാൽ കേട്ടയുടനെത്തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞു. ചെറിയ നിരാശയോടെ അവർ പറഞ്ഞു. എന്നാൽ ഞങ്ങളുടെ സ്‌ട്രോബറിത്തോട്ടം കാണാൻ പോയാലോ എന്ന്. അതുകേട്ടപ്പോൾ വലിയ സന്തോഷം തോന്നി. കാണാനുള്ള ആകാംഷയോടെ ഞങ്ങൾ അവരുടെ കൂടെ കൃഷി സ്ഥലത്തേക്ക് നീങ്ങി… ഞങ്ങൾ സ്‌ട്രോബറിത്തോട്ടത്തിലിറങ്ങിയാൽ എന്തായാലും സ്‌ട്രോബെറി വാങ്ങുമെന്ന് അവന് അറിയമായിരുന്നു. കാരണം അത്രക്ക് മനോഹരമാണ് ആ തോട്ടം.

[irp]

താഴെ കൃഷി സ്ഥലത്തോട്ട് ഞങ്ങൾ ഇറങ്ങി. കൃഷി സ്ഥലത്തോട് ചേർന്നുനിൽകുന്ന കുഞ്ഞ് വീട്. അവിടെ അവന്റെ അമ്മയും വീട്ടുകാരും ഒരു അതിഥി വരുന്നത് പോലെ ഞങ്ങളെ നോക്കി നിന്നു. കൃഷിയിടത്തിലെ പഴുത്തുകിടക്കുന്ന സ്ട്രാബറി കണ്ടപ്പോൾ തികച്ചും അത്ഭുതമായി.കൂടാതെ പയർ, കാരറ്റ്, ഉള്ളി, തക്കാളി തുടങ്ങി പലതരം കൃഷികൾ വേറെയും ഉണ്ട്. ഇത്ര ചെറുപ്രായത്തിലേ കൃഷിയോടുള്ള അവരുടെ താത്പര്യംകണ്ട് വല്ലാത്ത സന്തോഷം തോന്നി. എല്ലാത്തിനെ കുറിച്ചും അവൻ നന്നായി വിവരിച്ചുതന്നു. സത്യം പറഞ്ഞാൽ അവന്റെ സംസാരം നോക്കി നിന്ന് പോയി. അവിടെ നിന്നും മടങ്ങുമ്പോൾ കുറച്ചധികം സ്‌ട്രോബറി വാങ്ങിക്കാനും മറന്നില്ല. നിറഞ്ഞ ചിരിയോടെ അവരുടെ കുടുംബം ഞങ്ങൾക്ക് യാത്ര നൽകി.. അവന്റെ അച്ഛൻ ആനന്ദിനെയും കണ്ടു സംസാരിച്ചു. മകന്റെ കാര്യത്തിൽ ഒരു അഭിമാനം ആ അച്ഛന്റെ മുഖത്തു ഞങ്ങൾ കണ്ടു. വീണ്ടും വരണം കാണണം എന്ന മട്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി.. അങ്ങിനെ കൃഷിപ്പാടങ്ങൾ താണ്ടി ഞങ്ങൾ അടുത്ത സ്ഥലത്തേക്ക്.

[irp]

പഴത്തോട്ടത്തിലേക്ക്

തീർത്തും വിജനമായ പാത. പോകുന്ന വഴിയുടെ ഇരുവശങ്ങളിലും കൃഷിയിടങ്ങളും ക്രാടിസ് മരങ്ങളും ഇടകലർന്നു നിൽക്കുന്നു. ഇടക്കിടെ വിശാലമായി കിടക്കുന്ന പച്ചപ്പരവതാനി പോലെ പുൽമേടുകൾ… മനുഷ്യവാസം തീരെ കുറവ്… അപൂർവമായി മാത്രം ഒറ്റപ്പെട്ടു കാണുന്ന മൂന്നോ നാലോ ചെറു കുടിലുകൾ. വഴി ചോദിക്കാൻ പോലും ആരെയും കാണാനില്ല. പോകും തോറും വഴി വിജനമായി കൊണ്ടിരിക്കുന്നു. തികച്ചും ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. ഈ സ്ഥലങ്ങളിൽ എല്ലാം യാത്ര ഞങ്ങൾക്കു വളരെ ആസ്വദിക്കാൻ സാധിച്ചു. കാരണം അവിടുത്തെ കാഴ്ചകൾ അത്രമാത്രം മനോഹരമായിരുന്നു. അവിടെ നിന്നും മൂന്നാർ ടോപ് സ്‌റ്റേഷനിലേക്ക് തിരിച്ചു. ചെറിയ ചാറ്റൽ മഴയും ഒപ്പം ചെറിയ കോടയും. ഞങ്ങൾ ടോപ് സ്‌റ്റേഷനിൽലെത്തി. ഒരു ചൂടു കട്ടനും കുടിച്ചു അൽപ്പനേരം ഇരുന്നു. അപ്പോഴേക്കും അവിടെ മുഴുവൻ കോടമഞ്ഞു മൂടിയിരുന്നു. കോടമഞ്ഞിൻ പുതപ്പിനാൽ സുന്ദരമായ ഈ മലയോര ഗ്രാമം. അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത വിധം കോട. ഇത് എല്ലാവരിലും ആവേശം ഉണർത്തി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു അനുഭവം. വേറിട്ട അനുഭവങ്ങളുടെ സാക്ഷിയാകുവാൻ കഴിഞ്ഞ തികഞ്ഞ ആത്മ സംതൃപ്തിയോടെ ഞങ്ങൾ മൂന്നാർ മലയോര ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചു.

ഫാഇസ് ചിറ്റങ്ങാടൻ
fayizctr@gmail.com