സമകാലികം ഉറ്റുനോക്കുന്ന പ്രതിരോധ വരികൾ

എഴുത്തിനെ ഒരു ഒഴിവ് ദിവസ വിനോദമാക്കാതെ ചർച്ചയർഹിക്കുന്ന നാടിന്റെ കാലികാവസ്ഥയും സ്‌നേഹത്തിന്റെയും നൻമയുടെയും വൻകരകൾ തേടി യാത്രയാകുന്ന വിഷയ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന സുഹ്‌റയുടെ പുതു കവിതകളിലേറെയും.
Posted on: March 1, 2020 9:18 am | Last updated: March 5, 2020 at 9:24 am

എഴുത്ത് കാലത്തെ അതിജീവിക്കുന്നതും വർത്തമാനകാലത്തോട് സംവദിക്കുന്നതും ഉണ്ട്. രണ്ടിനും സർഗാത്മകതയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തലുകളുടെ സ്ഥാനമുണ്ട്. ആ ഗണത്തിൽ കാലത്തിന് മുമ്പേ സഞ്ചരിച്ചുവരാനുള്ള വിപത്തുകളെ മുൻകൂട്ടി പ്രവചിച്ച് അതിന് അക്ഷരം കൊണ്ട് പ്രതിരോധം തീർക്കുന്ന കവിതകളാണ് സുഹ്‌റ പടിപ്പുരയുടെ പുതിയ കവിതാ സമാഹാരമായ “ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന പുസ്തകം. ഇന്ത്യയുടെ ഇപ്പോഴത്തെ തനതടയാളം വഹിക്കുന്ന ഈ കവിതകളെ “ഫാഷിസ്റ്റ് വിരുദ്ധ കവിതകൾ’ എന്ന് സുനിൽ സി ഇ അവതാരികയിൽ വിശേഷിപ്പിച്ചത് നൂറ് ശതമാനം ശരിവെക്കുന്ന തരത്തിലുള്ള രചനകളാണ് ഈ സമാഹാരത്തിലേറെയും.

ALSO READ  കശ്മീർ കുന്നിലെ കണ്ണീർ തുള്ളികൾ

39 കവിതകളടങ്ങിയ സമാഹാരത്തിൽ സമകാലിക രാഷ്ട്രീയം ചർച്ചയർഹിക്കുന്ന ഗൗരവത്തോടെ അടയാളപ്പെടുന്നു. ഇന്ത്യ എന്റെ രാജ്യമാണ് എന്ന കവിതയിൽ കവയിത്രി പൗരത്വബില്ലിന്റെ പേരിൽ ഇപ്പോൾ കൊഴുക്കുന്ന വിവാദങ്ങളെ എത്ര സമർഥമായാണ് ദീർഘദർശനം ചെയ്ത തെന്ന് കാണാം.
“എന്റെ കുറിഞ്ഞിപ്പൂച്ച
പാണ്ടൻനായ, കറമ്പിപ്പശു,
ഒരു ഡസൻ കോഴികൾ, ഇവയെല്ലാം കൊണ്ട് ഞാൻ എങ്ങോട്ട്, എങ്ങനെ എന്നാലോചിച്ച് നിൽക്കുമ്പോഴാണ് അടുത്ത അറിയിപ്പ് വന്നത്. അവരെല്ലാം ഇന്ത്യക്കാരാണെന്ന്’
മേൽ ഉരുപ്പടികൾ എല്ലാം ഇന്ത്യക്കാരായപ്പോഴും “മക്കളിൽ ഞാൻ മാത്രം ഇന്ത്യക്കാരിയല്ലെന്ന്..!’ എന്ന വരികൾ ഇന്ത്യയുടെ കൃത്യമായ കാലിക- രാഷ്ട്രീയം അത് രൂപപ്പെടുന്നതിന് മുമ്പേ ഒരു പ്രവചനംപോലെ ആവിഷ്‌കരിച്ച കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവിതയാണ്. പ്രതിരോധം, വയലറ്റ് പൂക്കൾ, ഇരുകാലികൾ, കയറിവരുന്നവർ തുടങ്ങി പല കവിതകളിലും സുഹ്‌റ ഇന്ത്യൻ രാഷ്ട്രീയത്തെ ശക്തമായ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുന്നുണ്ട്.
“തന്റേടമുള്ള നാവുകളും, തീ തുപ്പുന്ന പേനകളും സ്വന്തമായുള്ളവർ കരുതിയിരിക്കുക, ഭീരുത്വം കുഴച്ചുരുട്ടി ഉണ്ടകളാക്കി നിറച്ച തോക്കുകൾ, ഇരുട്ടിന്റെ മറപറ്റി നിങ്ങൾക്കു പിന്നാലെയുണ്ട്.’ പ്രതിരോധം എന്ന കവിതയിൽ നിലപാടുള്ളവരെ നിശ്ശബ്ദരാക്കുന്ന ഭരണകൂട ഭീകരതയെ വായനക്കാർക്ക് മുമ്പിൽ തുറന്നു കാണിക്കുന്നുണ്ട്.

കമലേച്ചിയുടെ വീട്ടിൽനിന്ന് വേലിക്കിടയിലൂടെ നൂണ് ഇപ്പുറത്തെത്തുന്ന ഓണ സദ്യയും, ആഇശാത്തയുടെ ചായ്പ്പിൽനിന്ന് പാത്രത്തിലേറി വേലിചാടിപ്പോകുന്ന പെരുന്നാൾ വിഭവങ്ങളും, അയൽക്കാരെയെല്ലാം സത്കരിച്ചിരുത്തിയ ഏലിച്ചേട്ടത്തിയുടെ ഈസ്റ്റർ രുചികളും, ഭരണഘടനയുടെ ആമുഖത്തിൽ നിന്നും അന്ന് ഇറങ്ങിയോടിയ ജനാധിപത്യവും മതേതരത്വവും വീണ്ടും വീണ്ടും വധിക്കപ്പെട്ട ഗാന്ധിജിയിൽ തട്ടിത്തടഞ്ഞ് വീണതിനേയും (ബഹുസ്വരം) കവിതകളുടെ വരികളിലേക്ക് ചിട്ടയായി അടുക്കി വെക്കുന്നു.
“നടക്കുന്നതിന് പകരം, ഇഴയുന്ന മനുഷ്യരെ വഴിയിൽ കാണാതിരിക്കില്ല. ഇനിയൊരിക്കലും ഉണരില്ലെന്നുറപ്പുണ്ടായിട്ടും തങ്ങളുടെ പിഞ്ചോമനകൾക്ക് താരാട്ടുപാടിക്കൊണ്ടേയിരിക്കുന്ന ആയിരക്കണക്കിന് അമ്മമാരുണ്ടവിടെ. ( വഴി ചോദിക്കുമ്പോൾ ) സിറിയൻ പട്ടാളം ബോംബിട്ടു തകർത്ത “ഗൂത’ ഗ്രാമത്തിലേക്ക് വഴി ചോദിച്ചെത്തുന്നവരുടെ അറിവിലേക്കായുള്ള വഴിയോരക്കാഴ്ചകളിൽ ചിലതുമാത്രമാണിത്. യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ബാക്കിവെക്കുന്ന അഭയാർഥികൾ നേരിടേണ്ടിവരുന്ന സമാനതയില്ലാത്ത ദുരന്തങ്ങൾക്ക് കാവ്യ ഭാഷ്യം നൽകുമ്പോൾ അത് അതിർത്തികൾ ഭേദിച്ച് സമകാലലോകത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ്.

പ്രണയത്തേയും പ്രകൃതിസംരക്ഷണത്തേയും സദാചാരത്തേയുമൊക്കെ തന്റെ തൂലികത്തുമ്പിലേക്ക് ആവാഹിക്കുമ്പോൾ സുഹ്‌റ തന്റേതു മാത്രമായ ഒരു കാവ്യശൈലിയിൽ പെൺകരുത്തിന്റെ ശക്തമായ വക്താവായി മാറുന്നത് പല കവിതകളിലും ദർശിക്കാം. പ്രകൃതിയും പ്രണയവും അനുഭൂതി തലത്തിൽ തിരയടിക്കുന്ന സമുദ്രത്തിന്റെ ചാക്രിക പ്രതിഭാസം വരച്ചിട്ടതായി അനുഭവപ്പെടും “കടലു കാണുന്ന പെണ്ണ്’ പോലുള്ള രചന. പ്രകൃതിയിലെ സകല ചരാചരങ്ങളും പ്രണയത്തിന് മുമ്പിൽ നമിച്ച് അഭിവന്ദനം അർപ്പിക്കുമ്പോൾ ‘എന്നിട്ടും രണ്ടുപേർ പ്രണയിക്കുമ്പോൾ, മനുഷ്യർ മാത്രം അസ്വസ്ഥരാകുന്നത് എന്തുകൊണ്ടായിരിക്കും.
നക്ഷത്ര ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോൾ കണ്ട പട്ടിക്കുഞ്ഞുങ്ങൾ കാഴ്ചയിൽ മുതലാളിത്തത്തിന്റേയും ദാരിദ്ര്യത്തിന്റേയും ദ്വന്ദക്കാഴ്ചകളുടെ യഥാർഥ മുഖത്തെ വരച്ചിട്ട് ഉപരിവർഗ ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്നു “ഇരുകാലികൾ ‘ എന്ന കവിതയിൽ. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതകളിൽ ഒന്നായി കാണണം “ചതി’ എന്ന കവിതയെ. മഴയുടെ വിവിധഭാവങ്ങളെ ഭംഗിയായി ഒപ്പിയെടുത്ത ചതിയിലെ വാക്കുകൾ ചിന്തകൾക്ക് തീപിടിപ്പിക്കുന്ന വരികളാണ്.

ALSO READ  കരുത്ത് പരിശ്രമം വിജയം

“മാളികവീടിന്റെ നടുമുറ്റത്ത് പെയ്യുന്ന മഴയും പുഴ കൈയേറിയ വീട്ടിലെ മഴയും വെവ്വേറെയാണെന്നും കാറിൽ പോകുന്നവന്റെ മഴയല്ല, കുടയെടുക്കാൻ മറന്നവന്റേത്, “ഒടുവിൽ ‘ ചതിച്ചല്ലോ എന്നാർത്തു കരഞ്ഞ്, ജീവനും കൊണ്ടോടുമ്പോഴും, പിടിവിടാതെ പിന്നാലെ വന്ന്, ചതിച്ചതാരെന്നറിയാമോ എന്ന ചോദ്യം, മഴ ആവർത്തിച്ചു കൊണ്ടേയിരുന്നു. ചതി എന്ന കവിതയിലെ ഈ വരികൾ ശരിക്കും അർഥവത്തായ മഴമൊഴിയായി മാറുന്നു.

ഇങ്ങനെ അനുഭൂതിയുടെ വിവിധ തലങ്ങളിലേക്ക് പടർന്നുകയറുന്ന സുഹ്‌റ പടിപ്പുരയുടെ കവിതകളെ പ്രത്യേകമാക്കുന്ന വലിയഘടകം കവിതക്കുണ്ടെന്ന് ആരൊക്കെയോ ചാർത്തിക്കൊടുത്ത എല്ലാ നിയതങ്ങളേയും സുഹ്‌റ തന്റേതുമാത്രമായ ഒരു ശൈലിയിൽ വാർത്തെടുത്ത് പാരമ്പര്യ സങ്കൽപ്പങ്ങളെയെല്ലാം അതിർലംഘിക്കുന്നു എന്നിടത്താണ്. സ്ത്രീയുടെ കരുത്ത് വിളിച്ചോതുന്നതോടൊപ്പം ഓരോ കവിതയിലും ഓരോ രാഷ്ട്രീയ സന്ദേശം നൽകാൻ കവിക്കാകുന്നുണ്ട്. രാജ്യസ്‌നേഹവും പ്രകൃതി സ്‌നേഹവും പരസ്പരം വേർതിരിക്കാനാകാത്ത പാരസ്പര്യത്താൽ മുന്നോട്ടുപോകുന്ന കാഴ്ചയാണിതിൽ.
എഴുത്തിനെ ഒരു ഒഴിവ് ദിവസ വിനോദമാക്കാതെ ചർച്ചയർഹിക്കുന്ന നാടിന്റെ കാലികാവസ്ഥയും സ്‌നേഹത്തിന്റേയും നന്മയുടേയും വൻകരകൾ തേടി യാത്രയാകുന്ന വിഷയവൈവിധ്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന സുഹ്‌റയുടെ പുതുകവിതകളിലേറെയും. ചുരുങ്ങിയ കാലമായപ്പോഴേക്കും മലയാളത്തിന്റെ മിക്ക പ്രസിദ്ധീകരണങ്ങളിലും ഇടം കണ്ടെത്താനായ സുഹ്‌റ പടിപ്പുരക്ക് മലയാള കവിതാലോകത്ത് സുരക്ഷിതമായ ഒരിടം കാത്തുനിൽപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താൻ ഈ വേറിട്ട കവിതകൾക്കാകുമെന്ന് പറയാം. ഒലീവ് പബ്ലിക്കേഷൻസാണ് പ്രസാധകർ. വില: 120 രൂപ.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
[email protected]