Connect with us

Health

ക്ഷാമം ഭയന്ന് മരുന്നുകൾ അധികം വാങ്ങി സൂക്ഷിക്കേണ്ടതില്ല

Published

|

Last Updated

കോഴിക്കോട് | മരുന്ന് ക്ഷാമം ഉണ്ടാവും എന്നു കരുതി സ്ഥിരം മരുന്ന് കഴിക്കുന്നവർ അധികമായി വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്ന് അധികൃതർ. ഇങ്ങനെ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയുണ്ടായാൽ വിപണിയിൽ ചില മരുന്നുകൾക്ക് കൃത്രിമ ക്ഷാമം ഉണ്ടാവാൻ സാധ്യതയുണ്ട്.
ചൈനയിൽ നിന്നുള്ള മരുന്ന് ചേരുവകളുടെ വരവ് നിലച്ചത് ഇന്ത്യയിൽ അവശ്യമരുന്നുകളുടെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ജീവൻ രക്ഷാമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ ഇതിൽപ്പെടും. 57 മരുന്നുകൾക്ക് ഏപ്രിലോടെ ക്ഷാമമുണ്ടായേക്കുമെന്ന സൂചന പുറത്തു വന്നതോടെ ജനങ്ങളിൽ ആശങ്കയുണ്ട്. എന്നാൽ മരുന്ന് അധികമായി വാങ്ങി സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ രവി എസ് മേനോൻ പറഞ്ഞു.
ക്ഷാമം നേരിടുന്ന മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കാനും ബദൽ മരുന്നുകൾ വ്യാപകമാക്കാനും കേന്ദ്ര സർക്കാർ നടപടിയുണ്ടാവും. സമാന മരുന്നുകൾ ശിപാർശ ചെയ്യാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോട് നിർദേശിച്ചേക്കും.

പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകൾക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വർധിച്ചത് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുമെന്ന ആശങ്ക പടർത്തിയിട്ടുണ്ട്.

ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങൾക്കുമുള്ള അറ്റോർവാസാസ്റ്റിൻ, ആന്റിബയോട്ടിക്കുകളായ പെൻസിലിൻ-ജി, അമോക്സിലിൻ, ആംപിസിലിൻ, ടെട്രാസൈക്കിളിൻ, ഒഫ്‌ലോക്സാസിൻ, ജെന്റാമൈസിൻ, മെട്രോനിഡാസോൾ, ഓർണിഡാസോൾ, നാഡീരോഗങ്ങൾക്കുള്ള ഗബാപെന്റിൻ, എച്ച് ഐ വി പ്രതിരോധത്തിനുള്ള റിറ്റോനാവിർ, ലോപ്പിനാവിർ തുടങ്ങിയ മരുന്നുകൾക്കാണ് ക്ഷാമമുണ്ടാകാൻ സാധ്യത.
ഇവയുടെ പട്ടിക മരുന്ന് നിർമാണ കമ്പനികൾ സർക്കാർ സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ജീവൻരക്ഷാമരുന്നുകൾ എത്രത്തോളമുണ്ട്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട് തുടങ്ങിയ കണക്കുകൾ ശേഖരിക്കാൻ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ട്.

Latest