Connect with us

Kerala

വധശ്രമക്കേസ്: പ്രതികള്‍ പിടിയില്‍

Published

|

Last Updated

പാലക്കാട് | വധശ്രമക്കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്തറ കറുകോടി സ്വദേശിയായ മണികണ്ഠനെ (26) വധിക്കാന്‍ ശ്രമിച്ച കേസില്‍ വടക്കന്തറ സ്വദേശി ശ്രീക്കുട്ടന്‍ (25), കല്ലേപ്പുള്ളി സ്വദേശി മണികണ്ഠന്‍ (20), ശേഖരീപുരം സ്വദേശി ശിവന്‍ (18), പുത്തൂര്‍ സ്വദേശി സുനില്‍ദാസ് (18), സി എന്‍ പുരം സ്വദേശി സഞ്ജയ് (21), ശംഖുവാരത്തോട് സ്വദേശി അര്‍ജുന്‍ (21) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കറുകോടി എന്ന സ്ഥലത്ത് വച്ച് കത്തിയുപയോഗിച്ച് കുത്തിയും കല്ല്, ഇരുമ്പുദണ്ഡ് എന്നിവ കൊണ്ടാക്രമിച്ചും വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ആറ് പ്രതികളും തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനാതിര്‍ത്തിയില്‍ വച്ച് പോലീസ് വലയിലായത്.

ഒന്നാം പ്രതി ശ്രീക്കുട്ടനും പരുക്കേറ്റ മണികണ്ഠനും മുമ്പ് പല കേസുകളിലും കൂട്ടുപ്രതികളായിരുന്നു. കേസിന്റെ നടത്തിപ്പിനായി ശ്രീക്കുട്ടന്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ മണികണ്ഠന്‍ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം മണികണ്ഠനെ കറുകോടി ജംഗ്ഷനിലേക്ക് ഫോണില്‍ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.

ശ്രീക്കുട്ടന്‍ നിലവില്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണ്. പാലക്കാട് ഡി വൈ എസ് പി. സാജു കെ എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് അന്‍ഷാദ്, എ എസ് ഐ. രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഷാദ്, മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഘു, മഹേഷ്, സന്തോഷ്, ഷിജു, മജീദ്, വിനോദ് കുമാര്‍,അബു ത്വാഹിര്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

Latest