എക്‌സ്‌പോ 2020: ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

Posted on: January 17, 2020 2:47 pm | Last updated: January 17, 2020 at 2:47 pm
കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു എ ഇതല യുവജനോത്സവം യു എ ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

അബുദാബി  | എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദുബൈയിലേക്ക് വരുന്നതിന് വിസ സൗജന്യമായി ലഭ്യമാക്കുമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു എ ഇതല യുവജനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹം യു എ ഇയുടെ സര്‍വ്വ മണ്ഡലങ്ങളിലും സജീവമാണ്. എക്‌സ്‌പോയില്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും, എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമായി നല്‍കുവാന്‍ യു എ ഇ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും സ്ഥാനപതി അറിയിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ്ണ സഹകരണവും പങ്കാളിത്തവും യു എ ഇ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്നും പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മുപ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യു എ ഇ യിലുള്ളത്, ഇതില്‍ പതിനഞ്ച് ലക്ഷം പേര് മലയാളികളാണ്. ഇവര്‍ യു എ യുടെ കലാ സാംസ്‌കാരിക വാണിജ്യ മണ്ഡലങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് നടത്തുന്നത് സ്ഥാനപതി അഭിപ്രായപ്പെട്ടു. യു എ ഇ യുടെ സാംസ്‌കാരിക മണ്ഡലത്തില്‍ 48 വര്‍ഷം പിന്നിട്ട കേരള സോഷ്യല്‍ സെന്റര്‍ മഹത്തായ സേവനമാണ് നല്‍കുന്നത് അദ്ദേഹം പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് എ. കെ ബീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി ബിജിത്കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രെട്ടറി നിര്‍മല്‍ തോമസ് നന്ദിയും പറഞ്ഞു. ജനുവരി 16, 17, 18 ,31 തീയ്യതികളിലാണ് യുവജനോത്സവം അരങ്ങേറുന്നത് . സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 37 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജനുവരി 16 മുതല്‍ 18 വരെ കലാമത്സരങ്ങളും 31 ന് സാഹിത്യോത്സവുമാണ് നടക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടിയെ ബെസ്റ്റ് പര്‍ഫോര്‍മര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കും. നാട്ടില്‍നിന്നുമെത്തുന്ന കലാരംഗത്തെ പ്രമുഖരായിരിക്കും വിധികര്‍ത്താക്കള്‍. 250 ലധികം കുട്ടികളാണ് മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.