Connect with us

National

പൗരത്വ നിയമം: മോദിയെ ടെലിവിഷനില്‍ സംവാദത്തിന് വിളിച്ച് പി ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിവിഷനില്‍ സംവാദത്തിന് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ അഞ്ച് വിമര്‍ശകരെ മോദിക്ക് തിരഞ്ഞെടുക്കാം. എന്നിട്ട് അവരുമായി പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ മോദി ഒരു ചോദ്യോത്തര പരിപാടിക്ക് തയ്യാറാകുക. ഇതോടെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും പരിഹാരമാകുമെന്നും ചിദംബരം പറഞ്ഞു.

വിമര്‍ശകരോട് സംസാരിക്കാന്‍ മോദി തയ്യാറാകുന്നില്ല. പ്രധാനമന്ത്രി ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലുള്ളവരമുായി മാത്രമേ സംസാരിക്കൂ. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അദ്ദേഹം കേള്‍ക്കില്ല. എന്നാല്‍ ഞങ്ങള്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നു, മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നു.

പ്രധാനമന്ത്രി പറയുന്നത് സി എ എ ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ പൗരത്വം എടുത്തുകളയുന്നതല്ലെന്നുമാണ്. നമ്മളില്‍ പലരും കരുതുന്നത് സി എ എ എന്നാല്‍ എന്‍ പി ആറിന്റേയും എന്‍ ആര്‍ സിയുടേയും സംയോജനമെന്നാണ്. നിരവധി ആളുകള്‍ ഇത് മൂലം പൗരത്വം ഇല്ലാതാകും. മാത്രമല്ല പൗരത്വമില്ലാത്തവരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വിശദീകരിച്ചതുമാണെന്നും ചിദംബരം പറഞ്ഞു.