Connect with us

Kozhikode

പൗരത്വ ഭേദഗതി നിയമം: യോജിച്ചുള്ള സമരം പാടില്ലെന്ന് പറയുന്നത് അപരാധം: എളമരം കരീം

Published

|

Last Updated

പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തില്‍ എസ് വൈ എസ് സംഘടിപ്പിച്ച സെമിനാര്‍  എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള സമരം പാടില്ലെന്ന് പറയുന്ന നേതാക്കള്‍ വലിയ അപരാധമാണ് സമൂഹത്തോട് ചെയ്യുന്നതെന്ന് എളമരം കരീം എം പി. അത്തരക്കാര്‍ മാറിച്ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ജില്ലാ യുവജനറാലിയുടെ ഭാഗമായി പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോജിച്ചുള്ള സമരങ്ങളാണ് പൗരത്വനിമയത്തിനെതിരെ നമ്മുടെ മുമ്പിലുള്ള ഏറ്റവും നല്ല മാര്‍ഗം. ആരും ഒറ്റപ്പെട്ട് സമരം നടത്തരുത്. ഒരിക്കലും മുസ്‌ലിം സംഘടനകള്‍ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് സമരത്തിന് പോകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ നിയമസഭക്ക് അതിന് അധികാരമില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണറോട് ചോദിച്ചിട്ടല്ല സംസ്ഥാന നിയമസഭ പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ പ്രതിപുരുഷനായ ഗവര്‍ണര്‍ അമിതാധികാരം പ്രയോഗിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പറ്റിക്കാനാണ് നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ്‌കൊണ്ടിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തെ എങ്ങിനെ നേരിടാന്‍ കഴിയുമെന്ന് നാം ആലോചിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച മാതൃകയാണ് കാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്ത പൗരത്വത്തിനെതിരെയുള്ള തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലെ പ്രതിഷേധം ലോകം മുഴുവന്‍ നോക്കിക്കണ്ട സമരമായിരുന്നു. ഇത്തരത്തിലുള്ള സമരങ്ങളാണ് നമ്മുടെ മുമ്പിലുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാര്‍ പിന്തുടര്‍ന്ന മാതൃക പിന്തുടരണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവര്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടണം. പൗരത്വനിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിലെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ വിവരണാതീതമാണ്. അവിടെയുള്ള പോലീസ് ആര്‍ എസ് എസ് ആയി മാറി. ഇത്തരത്തില്‍ കേരളത്തില്‍ നടക്കാത്തത് മതനിരപേക്ഷ ജനക്കൂട്ടത്തിന്റെ ശക്തിയുള്ളത് കൊണ്ടാണെന്നും എളമരം കരീം പറഞ്ഞു. ജി. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ ഇ എന്‍, കാരാട്ട് റസാഖ് എം എല്‍ എ, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അഡ്വ. പി എം സുരേഷ് ബാബു, ഉമ്മര്‍ പാണ്ടികശാല, കബീര്‍ എളേറ്റില്‍ സംസാരിച്ചു. മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.