Connect with us

National

ഐഷി വേട്ടയാടപ്പെടുന്നത് ഇടത് രാഷ്ട്രീയം സംസാരിക്കുന്നതിനാലെന്ന് കുടുംബം

Published

|

Last Updated

ന്യൂഡല്‍ഹി | സംഘ്പരിവാര്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായ ജെ എന്‍ യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷിന്റെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി കുടുംബം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഐഷിയെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് പിതാവ് പ്രതികരിച്ചു.ഇടതുരാഷ്ട്രീയം പറയുന്നവര്‍ എല്ലായിടത്തു നിന്നും പ്രതിരോധിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അവളും ഇടതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നവളാണ്. അതുകൊണ്ട് തന്നെയാണ് വേട്ടയാടപ്പെടുന്നത്.

അക്രമത്തിനു ശേഷം മകളോട് സംസാരിക്കാന്‍ സാധിച്ചില്ല. അവളുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും, അഞ്ച് തുന്നികെട്ടുകളുണ്ടെന്നും സുഹൃത്തുക്കള്‍ വഴിയും മാധ്യമങ്ങളിലൂടെയുമാണ് അറിഞ്ഞത്. നമ്മുടെ വിദ്യാര്‍ഥികള്‍ ഭീതിതമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്താകെ അരക്ഷിതാവസ്ഥയാണ്. ഇന്ന് എന്റെ മകള്‍ക്കാണ് മര്‍ദനമേറ്റതെങ്കില്‍ നാളെ അവളുടെ സ്ഥാനത്ത് ഞാനോ മറ്റാരെങ്കിലുമാകാം. ഇതിനാല്‍ മകളെ പ്രക്ഷോഭത്തില്‍ നിന്ന് തിരികെ വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടരമാസമായി ന്യായമായ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച്ക്ക് പോലും തയ്യാറാകാത്ത ജെ എന്‍ യു വി സിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഐഷിയുടെ മാതാവ് നടത്തിയത്.
വി സി രാജിവെക്കണം. അയാള്‍ എന്താണ് ജെ എന്‍ യുവില്‍ ചെയ്യുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്ന് അമ്മ കുറ്റപ്പെടുത്തി.

ജെ എന്‍ യുവിലെ എസ് എഫ് ഐയുടെ തീപ്പൊരി നേതാവായ ഐഷിക്കെതിരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അരഡസനോളം തവണയാണ് അക്രമണമുണ്ടായതെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്നിട്ടും പിന്നോട്ട് പോകാതെ പോരാട്ടത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 13 വര്‍ഷത്തിന് ശേഷം ജെ എന്‍ യുവില്‍ എസ് എഫ് ഐക്ക് പ്രസിഡന്റ് സ്ഥാനം നേടിയെടുത്ത നേതാവ് 25കാരിയായ ഐഷി. 1185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐഷിയടെ ജയം.

പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ സ്വദേശിനിയായ ഐഷി നിലവില്‍ ഡല്‍ഹി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ബിരുദപഠനത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ് എഫ് ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ജെ എന്‍ യുവില്‍ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് ചേരുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ജെ എന്‍ യുവിലെ സമരമുഖങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു ഐഷിയുടേത്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത നടപടിക്കെതിരേ, ജെ എന്‍ യുവിനെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ, അന്യായ ഫീസ് വര്‍ധനക്കെതിരെ, പൗരത്വ നിയമത്തിനെതിരേയെല്ലാം ജെ എന്‍ യുവില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഐഷിക്ക് കഴിഞ്ഞു.