കൊച്ചി | സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങൾ മഞ്ഞ് കാലമാണങ്കിലും ഇത്തവണ ചൂട് കൊണ്ട് മലയാളികൾ വലയുന്നു. സംസ്ഥാനത്തിനകത്ത് ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴപെയ്യുന്നതും കടലിൽ ചൂട് കൂടിയതുമാണ് പ്രധാന കാരണം. ഇതിന് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ സാധ്യത നിലനിൽക്കുന്നതും സംസ്ഥാനത്ത് ചൂട് കൂടാൻ കാരണമായിട്ടുണ്ട്.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. 35.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ 2.7 ഡിഗ്രി കൂടുതലായിരുന്നു. കണ്ണൂരിൽ 1.9 ഡിഗ്രിയും കോഴിക്കോട് 1.8 ഡിഗ്രിയും കോട്ടയത്ത് 2.3 ഡിഗ്രിയും പാലക്കാട് 0.9 ഡിഗ്രിയും കൂടുതൽ ചൂട് അനുഭവപ്പെട്ടു. കൊച്ചിയിൽ 0.1 ഡിഗ്രി കുറവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.