Connect with us

Kerala

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയക്കാരനെപ്പോലെ; മുഖ്യമന്ത്രിക്ക് ഭയം: പ്രതിപക്ഷ നേതാവ്

Published

|

Last Updated

പാലക്കാട് | പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും അതിരൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ അതിരുകടക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിക്കരുതെന്നും ആരോപിച്ചു. ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഗവര്‍ണര്‍ക്ക് മുന്നില്‍ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗവര്‍ണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുള്ള അധികാരത്തിനുമേല്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. സഭക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ വികാരം ആണ് നിയമസഭാ പ്രകടിപ്പിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലാ അടിസ്ഥാനത്തില്‍ യുഡിഎഫ് ജനുവരി 30 മനുഷ്യ ഭൂപടം തീര്‍ക്കും. വിപുലമായ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Latest