Connect with us

Editorial

പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ നുണച്ചാക്കുകള്‍

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ നിരന്തരം കളവ് പറയേണ്ട ഗതികേടിലാണ് ബി ജെ പി നേതാക്കള്‍. 1947ല്‍ വിഭജന സമയത്ത് പാക്കിസ്ഥാനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. നിരന്തര വേട്ടയാടലിന്റെയും ബലാത്സംഗത്തിന്റെയും പീഡനത്തിന്റെയും ഭാഗമായി അവരുടെ ജനസംഖ്യ ഇപ്പോള്‍ മൂന്ന് ശതമാനത്തിലേക്ക് കുറഞ്ഞുവെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത്. അഫ്ഗാനിസ്ഥാനില്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ട് ലക്ഷത്തില്‍പരമുണ്ടായിരുന്ന ഹിന്ദു, സിഖ് ജനസംഖ്യ ഇപ്പോള്‍ 500ഓളം മാത്രമാണെന്നും രൂപാണി ആരോപിക്കുന്നു. ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരത്തിവെച്ചിരുന്നു ഇത്തരം ചില കണക്കുകള്‍. 1947ല്‍ പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 23 ശതമാനം ഹിന്ദുക്കളായിരുന്നെങ്കില്‍, 2011ല്‍ അത് 3.7 ശതമാനമായി കുറഞ്ഞെന്നാണ് അമിത് ഷാ പറഞ്ഞത്.

എന്താണ് ഇതിന്റെ യാഥാര്‍ഥ്യം? പാക്കിസ്ഥാനില്‍ ആദ്യ സെന്‍സസ് നടക്കുന്നത് 1951ലാണ്. അന്നത്തെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ 85.8 ശതമാനവും മുസ്‌ലിംകളാണ്. 14.2 ശതമാനം മാത്രമാണ് അമുസ്‌ലിംകള്‍. ഇതില്‍ത്തന്നെ, പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ പാക്കിസ്ഥാന്‍) മുസ്‌ലിംകള്‍ 96.56 ശതമാനവും അമുസ്‌ലിംകള്‍ 3.44 ശതമാനവുമായിരുന്നു. 1961ലെ സെന്‍സസില്‍ ഇവിടെ അമുസ്‌ലിംകളുടെ സംഖ്യ 2.83 ശതമാനമായി കുറഞ്ഞെങ്കിലും 1972ലെ സെന്‍സസില്‍ 3.25 ശതമാനമായി വര്‍ധിച്ചു. 1981ല്‍ പിന്നെയും വര്‍ധിച്ച് 3.30 ശതമാനമായി. 1998ലായിരുന്നു അടുത്ത സെന്‍സസ.് അതില്‍ അമുസ്‌ലിം ജനസംഖ്യ പിന്നെയും വര്‍ധിച്ച് 3.70 ശതമാനത്തിലെത്തി. ഈ കണക്കുകള്‍ കാണിക്കുന്നത് അമിത് ഷായും രൂപാണിയും പറയുന്നതു പോലെ പാക്കിസ്ഥാനില്‍ ഒരു കാലത്തും അമുസ്‌ലിം ജനസംഖ്യ 22 ശതമാനമോ 23 ശതമാനമോ ഉണ്ടായിരുന്നില്ലെന്നാണ്. മാത്രമല്ല തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ അവരുടെ സംഖ്യ കുറയുകയല്ല വര്‍ധിക്കുകയാണുണ്ടായത്.

പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകള്‍ കുടിയേറിയത് മതപരമായ വിവേചനത്തെയും പീഡനത്തെയും തുടര്‍ന്നായിരുന്നുവെന്ന വാദവും തെറ്റാണ്. നല്ലൊരു ശതമാനം മുസ്‌ലിംകളാണ് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍. ജീവിക്കാന്‍ തങ്ങളുടെ നാടിനേക്കാള്‍ സൗകര്യവും ജോലിസാധ്യത കൂടുതലും ഇന്ത്യയിലാണെന്ന വിശ്വാസത്തിലാണ് ഇവിടേക്ക് വന്നത്. പ്രകൃതിദുരന്തം, യുദ്ധം, ആഭ്യന്തര കലാപം തുടങ്ങിയ കാരണങ്ങളാലും അഭയാര്‍ഥികളുണ്ടാകാറുണ്ട്. ഇന്ത്യയിലെ ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ ഏറെയും 1971ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധഘട്ടത്തില്‍ എത്തിയവരാണ്. യു എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും ശ്രീലങ്കയില്‍ നിന്നും ടിബറ്റില്‍ നിന്നുമുള്ളവരാണെന്ന യു എന്‍ കണക്കും ഇന്ത്യയിലെ അഭയാര്‍ഥികള്‍ മതപീഡനത്തിന്റെ ഇരകളാണെന്ന വാദം നിരാകരിക്കുന്നു. ഒന്നര ലക്ഷം ടിബറ്റന്‍ അഭയാര്‍ഥികളാണ് ദലൈലാമയുടെ പാത പിന്തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ എത്തിയത്. ശ്രീലങ്കയില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ തമിഴ് വംശജരും ദക്ഷിണേന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വിദേശീയരെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയങ്ങളേ ഇല്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പോലെ കലര്‍പ്പില്ലാത്ത നുണയാണ് മതപരമായ പീഡനത്തിന്റെ ഇരകളാണ് ഇന്ത്യയിലെ അഭയാര്‍ഥികളെന്ന രൂപാണിയുടെയും ഷായുടെയും പരാമര്‍ശവും.

മുസ്‌ലിംകള്‍ക്ക് താമസിക്കാന്‍ 150 ഇസ്‌ലാമിക രാഷ്ട്രങ്ങളുള്ളപ്പോള്‍ ഹിന്ദുക്കള്‍ക്കുള്ള ഏക രാഷ്ട്രം ഇന്ത്യ മാത്രമാണെന്നും വിജയ് രൂപാണി പറയുന്നു. പൗരത്വദാന പട്ടികയില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയതിനെ ന്യായീകരിക്കാനായിരിക്കണം ഈ പരാമര്‍ശം. എന്നാല്‍ രൂപാണി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യ- പാക് വിഭജന കാലത്ത് രാജ്യത്തെ മുസ്‌ലിംകളില്‍ ഏറിയ പങ്കും പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചത് അവര്‍ ഈ രാജ്യത്തെ അത്രമേല്‍ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതു കൊണ്ടാണ്. സ്വാതന്ത്ര്യ സമര കാലത്ത് അതിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചവരാണ് മുസ്‌ലിംകള്‍.

ബ്രിട്ടീഷുകാരുടെ തോക്കിനിരയായി വീരമൃത്യു വരിച്ചവരില്‍ ഗണ്യമായൊരു വിഭാഗവും മുസ്‌ലിംകളാണെന്നു ചരിത്രത്തിന്റെ താളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യ ഇന്നത്തെ നിലയില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിച്ചത് നൂറ്റാണ്ടുകള്‍ നീണ്ട മുസ്‌ലിം ഭരണം കൊണ്ടുകൂടിയാണെന്ന സത്യവും അവശേഷിക്കുന്നു. താജ്മഹല്‍, ചെങ്കോട്ട, ചാര്‍മിനാര്‍, കുതുബ്മിനാര്‍, മുഗള്‍ ഗാര്‍ഡന്‍, ആഗ്ര കോട്ട, ഫതഹ്പൂര്‍ സിക്രി തുടങ്ങി ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുകയും വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന സാംസ്‌കാരിക ചിഹ്നങ്ങളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം രാജാക്കന്മാരുടെ സൃഷ്ടിയാണ്. മുസ്‌ലിം സമൂഹം ഇന്ത്യക്കു വേണ്ടി ഇത്രയും ത്യാഗം ചെയ്തത്, രാജ്യത്തെ ഈവിധം സമ്പുഷ്ടമാക്കിയത് ഇവിടം വിട്ടു മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാനല്ലല്ലോ. തങ്ങള്‍ക്കു കൂടി അവകാശപ്പെട്ട ഈ മണ്ണില്‍ തന്നെ എക്കാലവും ജീവിക്കാനാണ്.

പാക്കിസ്ഥാന്‍ പിറവിക്കു ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന നുണ ഇവിടെ അടിക്കടി ആവര്‍ത്തിക്കാറുണ്ട്. 1905ല്‍ ഹിന്ദുമഹാസഭാ നേതാവ് ഭായ്പരമാനന്ദാണ് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ രാഷ്ട്രങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. സംഘ്പരിവാറിന്റെ ആരാധ്യപുരുഷനായ സവര്‍ക്കറും ഹിന്ദുത്വ എന്ന പ്രബന്ധത്തിലൂടെ ദ്വിരാഷ്ട്ര സങ്കല്‍പ്പം മുന്നോട്ടു വെക്കുകയുണ്ടായി. 1940ലാണ് മുസ്‌ലിം ലീഗ് ഈ ആവശ്യം ഉന്നയിച്ചത്. എങ്കിലും ദയൂബന്ത് കോളജ് തുടങ്ങി അക്കാലത്തെ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളും മൗലാനാ ആസാദ്, അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന അബ്ദുല്‍ഗഫ്ഫാര്‍ ഖാന്‍ തുടങ്ങി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മിക്ക മുന്‍ നിര നേതാക്കളും ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കരുത്.