Connect with us

Book Review

ഏതിലയും മധുരിക്കുന്ന കാടുകളിലൂടെ ഒരു ദീർഘ സഞ്ചാരം

Published

|

Last Updated

“കാവ്യം സുഗേയം കഥ രാഘവീയം /കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ/ ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ ആനന്ദലബ്ധിക്കിനിയെന്തുവേണം? “ഇതിലുപരി ഈ ഗ്രന്ഥത്തെക്കുറിച്ച് വിവരണമോ വിശകലനമോ വേണമെന്നില്ല. എങ്കിൽപോലും ഈ ലേഖനസമാഹാരം പ്രദാനം ചെയ്ത പാരായണ സുഖം പറഞ്ഞറിയിക്കാതെയും വയ്യ. അത്രയധികം സ്വാച്ഛന്ദ്യം ഈ ലിറിക്കൽ എസ്സേകളിൽ മിഴിവോടെ തുടരുന്നു.
കഥയും കവിതയും സാഹിത്യവിമർശനവും ചിന്തയും ചിരിയും സമഞ്ജസമായി സമ്മേളിക്കുന്ന ഈ ലേഖനങ്ങൾ പ്രദാനം ചെയ്യുന്ന അനുഭൂതിവിശേഷം മുഖമൊഴി (ആമുഖം) മുതൽ തുടങ്ങുന്നു. “ഇപ്പോൾ ചെലവഴിക്കേണ്ട ജീവിതം പിന്നീടെടുക്കാൻ വേണ്ടി മാറ്റിവെക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിലെ അധാർമികതയുടെ, ഭൂതകാലമോ ഭാവികാലമോ അല്ലാതെ വർത്തമാന കാല ജീവിതം ഇല്ലാത്ത മുതിർന്നവരാക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിലെ മൗഢ്യത്തെപ്പറ്റി, മനുഷ്യൻ ഒരിക്കലും ഓർമിക്കുന്നില്ല. ഇവർ (കുട്ടികൾ) ഇപ്പോഴെങ്കിലും ജീവിക്കുന്നു എന്ന് ആശ്വസിക്കുകയല്ലേ വേണ്ടത്? ” തികച്ചും അർഥവത്തായ ചോദ്യം!

ഒപ്പം തന്നെ അദ്ദേഹം എഴുതുന്നു : “സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ്”; ഈ വരികൾ സിവിക് ചന്ദ്രനെ ആകർഷിച്ചുവത്രേ. മാത്രവുമല്ല, സിവിക് ചന്ദ്രന്റെ ഉത്സാഹത്തിലാണ്, “എന്റെ ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ എന്ന പ്രൊഫ. കൽപ്പറ്റയുടെ പ്രഥമകൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.

വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്ന മുപ്പത്താറ് ലേഖനങ്ങളുടെ സമാഹാരമാണ്, “ഏതിലയും മധുരിക്കുന്ന കാടുകളിൽ”. ശരിയാണ്, ഈ സമാഹാരത്തിലെ ഏത് ലേഖനവും വായിച്ചാൽ മധുരിക്കും; ചിന്തിപ്പിക്കുകയും ചെയ്യും. “കവിതയോട് സംവദിക്കാൻ അതെഴുതപ്പെട്ട ഭാഷയറിഞ്ഞാൽ മാത്രം പോരാ, കവിതയെന്ന സവിശേഷഭാഷകൂടി അറിഞ്ഞിരിക്കണം”ഈ സവിശേഷഭാഷ അനുവാചകർക്കല്ല, എഴുത്തുകാർക്കാണ് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടത്. അതിന്റെ അഭാവം സാധാരണ വായനക്കാരനെ വല്ലാതെ വിഷമിപ്പിക്കുന്നു.”വ്യാപകമായി വരുന്ന ഒരു “ലിറ്ററലിസ”ത്തെ ചെറുക്കുക കൂടിയാണ് കഥയുടേയും ലക്ഷ്യമെന്ന് പുതിയ ഇരുട്ടിൽ, ഒന്നുകൂടി ദീപ്തമായ വെളിച്ചത്തിലിരുന്ന് ഞാനവരോട് (വിദ്യാർഥികളോട്) പറഞ്ഞേനെ!”
ഹലോ, ഇതുപോലെ ചിലപ്പോൾ, മൃഗമനസ്സെത്ര നിർമലം, കരിക്കും ചക്കയും സ്വരാജും……. തുടങ്ങിയ മുപ്പത്താറ് ലേഖനങ്ങളിൽ നിന്ന് എടുത്ത് ഉദ്ധരിക്കാൻ തുടങ്ങിയാൽ, പിന്നെ ഈ ഗ്രന്ഥത്തിൽ ബാക്കിയതൊന്നും അവശേഷിക്കുകയില്ല. ഓരോ ലേഖനങ്ങളിലും, “വാചകമേള”യിൽ ഉൾപ്പെടുത്താൻ യോഗ്യമായ നൂറുകണക്കിന് വാക്യങ്ങളുണ്ട്. നോക്കുക:”ബേങ്കിനോളം വരുമോ ബേങ്കിലിട്ടത്”?, “അധികമായാൽ അച്ഛനും വിഷം”, “എല്ലാ സോപ്പിന്റെയും മണം കുളി മുതൽ കുളിവരെ എന്നാൽ ജയന്തി ജനതയുടേത് മാറാത്ത ഒരു മധുരസ്മരണയാകുന്നു”. (സോപ്പിന്റെ പരസ്യം)……. ഇങ്ങനെ നൂറായിരം അർഥവത്തും ഹാസ്യാത്മകവുമായ വചനങ്ങൾകൊണ്ട് അലംകൃതമാണ് ഈ ഗ്രന്ഥം.
ഈയിടെ, ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പ്രൊഫ. കൽപ്പറ്റയോടൊപ്പം വേദി പങ്കിടാൻ അവസരമുണ്ടായി. അദ്ദേഹം പ്രസംഗിച്ചു. രാസനിഷ്യന്ദിയായ പദങ്ങളാലുള്ള ഒരു വാഗ്‌ധോരണി! പ്രശസ്തരായ എഴുത്തുകാരിൽ ചിലരിലെങ്കിലും കാണാറുള്ള ജാടയോ, തലക്കനമോ അദ്ദേഹത്തിൽ കണ്ടില്ല. എന്റെ കൈവശമുണ്ടായിരുന്ന, ഞാൻ രചിച്ച എന്റെ രണ്ട് പുതിയ പുസ്തകങ്ങൾ അദ്ദേഹത്തിന് നൽകി. ഈ സംഭവത്തിനു ശേഷമാണ് “ഏതിലയും മധുരിക്കുന്ന കാടുകൾ”പ്രസിദ്ധീകരിക്കപ്പെടുന്നത്. താമസമത്യേ ഗ്രന്ഥം കൈപറ്റി വായിച്ചുകഴിഞ്ഞപ്പോൾ പ്രസ്തുത ഗ്രന്ഥം മനസ്സിൽ തൂവിയ വർണരാജി വിസ്മയാവഹം. ഡി സി ബുക്‌സാണ് പ്രസാധകർ.

Latest