Connect with us

International

6,000 വര്‍ഷം മുമ്പുള്ള സ്ത്രീയുടെ ഡി എന്‍ എ ശേഖരിച്ചു

Published

|

Last Updated

ലോലയുടെ രൂപം ചിത്രകാരന്റെ ഭാവനയില്‍

സ്‌കാന്‍ഡിനാവിയ | 6,000 വര്‍ഷം മുമ്പ് യൂറോപ്പിലെ സ്‌കാന്‍ഡിനാവിയയില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ ഡി എന്‍ എ ശേഖരിച്ചു. ച്യൂയിംഗത്തില്‍ പതിഞ്ഞ പല്ലിന്റെ അടയാളത്തില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ഡി എന്‍ എ ലഭിച്ചത്. ഇതുപ്രകാരമുള്ള സാങ്കല്‍പ്പിക ചിത്രം ഒരു ചിത്രകാരന്‍ വരയ്ക്കുകയും ചെയ്തു. പല്ലിന്റെ അടയാളത്തില്‍ നിന്ന് ഇവരുടെ ജനിതക കോഡ് മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. ലോല എന്നാണ് ഈ സ്ത്രീക്ക് ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിട്ടുള്ളത്. മനുഷ്യന്റെ എല്ലില്‍ നിന്നല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കളില്‍ നിന്ന് പുരാതന മനുഷ്യന്റെ ജീന്‍ വേര്‍തിരിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഗവേഷകര്‍ പറയുന്നു.

സ്ത്രീയുടെ തൊലിക്ക് കറുപ്പു നിറമായിരുന്നുവെന്നും ഇരുണ്ട തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളും ഉണ്ടായിരിക്കാം എന്നുമാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. മനുഷ്യാവശിഷ്ടങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത കാലഘട്ടങ്ങളില്‍ നിന്നുള്ള ച്യൂയിംഗം പുരാതന ഡി എന്‍ എയുടെ വളരെ വിലപ്പെട്ട ഉറവിടമാണെന്ന് ശാസ്ത്രജ്ഞനായ ഡോ. ഹാന്‍സ് ഷ്രോഡര്‍ പറയുന്നു. മരത്തില്‍ നിന്നുള്ള ഒരുതരം ടാര്‍ ആണ് അന്നത്തെ ച്യൂയിംഗമായി ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. എല്ലില്‍ നിന്നല്ലാതെ ഒരു സമ്പൂര്‍ണ പുരാതന മനുഷ്യ ജീനോം കണ്ടെത്താന്‍ കഴിഞ്ഞത് അതിശയകരമായ നേട്ടമായാണ് ശാസ്ത്ര ലോകം കാണുന്നത്.