ഷഹലയുടെ മരണത്തില്‍ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

Posted on: November 23, 2019 3:35 pm | Last updated: November 24, 2019 at 2:44 pm

വയനാട്: സ്‌കൂള്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീട്ടിലെത്തിയവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കുടുംബത്തോട് മാപ്പ് ചോദിച്ചു. കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നു ഉറപ്പ് നല്‍കിയ മന്ത്രി ഇതുവരെ സ്വീകരിച്ച നടപടികള്‍ ഷെഹലയുടെ കുടുംബത്തോട് വിശദീകരിക്കുകയും ചെയത്ു. സര്‍വജന ഹൈസ്‌കൂളിന്റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറും ഒപ്പമുണ്ടായിരുന്നു. ഷഹലയുടെ പിതാവ് അബ്ദുള്‍ അസീസിനെ ചേര്‍ത്തു നിര്‍ത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചക്ക് മന്ത്രി മാപ്പ് ചോദിച്ചത്.

സര്‍വജന സ്‌കൂള്‍ സന്ദര്‍ശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധമുയര്‍ത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചത്.കല്‍പ്പറ്റയിലും ബത്തേരിയിലും യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി . കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് വയനാട് കലക്ടറേറ്റിലക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. അതിനിടെ ഷെഹലയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ഈ തുക ആരോപണവിധേയരായ അധ്യാപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് ആവശ്യപ്പെട്ടു.