Connect with us

Thiruvananthapuram

മദ്രസാ അധ്യാപക പെൻഷൻ 1,500 രൂപയാക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ മദ്രസാ അധ്യാപകരുടെ പ്രതിമാസ പെൻഷൻ അടുത്ത സാമ്പത്തിക വർഷം മുതൽ 1,500 രൂപയാക്കി ഉയർത്തുമെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയെ അറിയിച്ചു. പെൻഷന്റെ അംശാദായം ഒടുക്കൽ ഓൺലൈൻ വഴിയാക്കാനുള്ള നടപടികൾ തുടങ്ങി. സി ഡിറ്റ് ഇതു സംബന്ധിച്ച് പ്രൊപ്പോസൽ നൽകിയതായും 2019ലെ കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്മേൽ നടന്ന ചർച്ചക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.

ഓരോ മാസവും വിഹിതം അടക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും അംഗമാകാൻ മടിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യം നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. 22,500 അധ്യാപകരാണ് ഇപ്പോൾ ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത്. ആകെ 2,046,83 മദ്രസാ അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ഈ വർഷം 50,000 പേരെക്കൂടി അംഗങ്ങളാക്കും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പുതിയ എട്ട് മൈനോറിറ്റി കോച്ചിംഗ് സെന്ററുകൾ തുടങ്ങി. ഇനി ഏഴ് എണ്ണം കൂടി തുടങ്ങും.

ന്യൂനപക്ഷ പോളിടെക്‌നിക് വിദ്യാർഥികൾക്കായി എ പി ജെ അബ്ദുൽ കലാമിന്റെ പേരിൽ 6,000 രൂപയുടെ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും ജലീൽ പറഞ്ഞു. അൻവർ സാദത്ത്, എൻ ഷംസുദ്ദീൻ, പി ഉബൈദുല്ല, കെ വി അബ്ദുൽ ഖാദർ, സി മമ്മൂട്ടി, പി മുഹമ്മദ് മുഹ്‌സീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

Latest