Connect with us

Kerala

പിണറായി ചെങ്കൊടി പിടിച്ച വര്‍ഗ വഞ്ചകനെന്ന് മാവോയിസ്റ്റുകള്‍

Published

|

Last Updated

കല്‍പ്പറ്റ: അട്ടപ്പാടി മഞ്ചിക്കണ്ടി മേഖലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും പ്രക്ഷോഭത്തിന് ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തും മാവോയിസ്റ്റുകളുടെ കുറിപ്പ്. സി പി ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലുള്ള കുറിപ്പ് വയനാട് പ്രസ്‌ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്.

ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനാണ് പിണറായി വിജയനെന്നും ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും കുറിപ്പ് ആഹ്വാനം ചെയ്യുന്നു. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂട നടപടിയെ അപലപിക്കുന്നു. ഇപ്പോഴത്തെ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

മേപ്പാടിയില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ചൊവ്വാഴ്ച രാവിലെയാണ് പ്രസ്‌ക്ലബ്ബില്‍ ലഭിച്ചത്. നേരത്തെ ലഭിച്ച കുറിപ്പുകളും അജിതയുടെ പേരിലാണ് ഉണ്ടായിരുന്നത്.