Connect with us

Kerala

കുതിച്ചുയർന്ന് പച്ചക്കറി വില

Published

|

Last Updated

കണ്ണൂർ | സംസ്ഥാനത്ത് പച്ചക്കറി ഉൽപന്നങ്ങൾക്ക് വില കുത്തനെ ഉയരുന്നു. കഴിഞ്ഞ മൂന്ന് മാസമായി നിയന്ത്രണാധീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വില ഇപ്പോൾ എക്കാലത്തേയും ഉയർന്ന നിരക്കിലാണ്.
ഉള്ളിയുടെ വിലയാണ് ഒരു നിയന്ത്രണവുമില്ലാതെ ഉയരുന്നത്. ഇന്നലെ പൊതുവിപണിയിൽ 80 രൂപക്ക് മുകളിലാണ് ഉള്ളിയുടെ വില. ചെറിയുള്ളിക്ക് 70നും 80നും ഇടയിലാണ്. വെളുത്തുള്ളിക്ക് 180 രൂപയോളമാണ് മൊത്ത വിപണിയിലെ വില. ചില്ലറ മാർക്കറ്റിൽ ഇരുന്നൂറ് രൂപ മുതൽ 250 രൂപ വരെ നൽകണം. മുരിങ്ങക്കും ഇരുന്നൂറിനടുത്തെത്തി മാർക്കറ്റ് വില. സെപ്തംബറിൽ 60 രൂപ വരെ ഉയർന്ന തക്കാളിയുടെ വില കഴിഞ്ഞ മാസം അൽപം കുറഞ്ഞെങ്കിലും വീണ്ടും കൂടാൻ തുടങ്ങി. ഇന്നലെ മാർക്കറ്റിൽ 30-35 രൂപയാണ് തക്കാളിക്ക്. ഇതേ അവസ്ഥയാണ് ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും കാര്യം. മഴക്കാലമായതോടെ നൂറ്റന്പതിനും ഇരുന്നൂറിനും ഇടയിലായിരുന്ന ഇവയുടെ വില ഒക്‌ടോബറിൽ അൽപം കുറഞ്ഞെങ്കിലും വീണ്ടും വർദ്ധിക്കാൻ തുടങ്ങി. ഇഞ്ചിക്ക് ഇന്നലെ 140ഉം ചെറുനാരങ്ങക്ക് 100നും ഇടക്കാണ് വില. മല്ലിയില, പൊതീന എന്നിവക്കും നൂറ് രൂപയാണ് വില. കാരറ്റിനും മാങ്ങക്കും 70 ന് മുകളിലായി. പച്ച മുളക്, കൈപ്പ, വഴുതിന, പയർ, ചേമ്പ്, ചേന, ബീറ്റ്‌റൂട്ട്, കാപ്‌സികം എന്നവയുടെ വിലയും 60ന് മുകളിലാണ്. ഉരുളക്കിഴങ്ങ്(35), വെണ്ട(50), കാബേജ്(36), കോളിഫ്‌ളവർ(48 തുടങ്ങിയവക്കും വലിയ വിലയാണ്.

സാധാരണക്കാരെ ഏറെ വലക്കുന്ന കാഴ്ചയാണ് പച്ചക്കറി മാർക്കറ്റുകളിൽ. ദിനേന അന്പത് മുതൽ നൂറ് രൂപ വരെ പച്ചക്കറികൾക്ക് മുടക്കിയിരുന്ന സ്ഥാനത്ത് ഇരുന്നൂറും മുന്നൂറും മതിയാവാത്ത സ്ഥിതിയാണുള്ളത്. വിവാഹ സൽക്കാരം പോലുള്ള ചടങ്ങുകൾ നിശ്ചയിച്ചവരെയാണ് ഏറെ പരിഭ്രമിപ്പിച്ചിരിക്കുന്നത്. മുന്നൂറോ നാന്നൂറോ പേർ പങ്കെടുക്കുന്ന ചെറിയ സൽക്കാരത്തിനു പോലും ചുരുങ്ങിയത് നൂറ് കിലോ ഉള്ളിയെങ്കിലും വേണമെന്നിരിക്കെ എങ്ങിനെ ചടങ്ങുകൾ നടത്തുമെന്ന ആശങ്കയിലാണ് ആളുകൾ.

മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴയാണ് ഉള്ളി വില വർധിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നെങ്കിലും വില വർധന പിടിച്ചുനിർത്താനായിട്ടില്ല. പൂജയും ദീപാവലിയും കഴിയുന്നതോടെ പച്ചക്കറികൾക്ക് വില കുറയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിലസൂചിക റോക്കറ്റുപോലെ ഉയരുകയാണ്.