കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

Posted on: October 10, 2019 6:24 pm | Last updated: October 10, 2019 at 6:26 pm

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. സര്‍ക്കാര്‍ സഹായമായി 16 കോടി ലഭിച്ചതാണ് ആശ്വാസമായത്. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ സമര മുഖത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായ തുകയും സ്ഥാപനത്തിലെ ഫണ്ടും ചേര്‍ത്ത് ഭുരിഭാഗം ജീവനക്കാര്‍ക്കും ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യാനാണ് നീക്കം. 80 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളം ഇന്നുതന്നെ നല്‍കാന്‍ കഴിയുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ.

സര്‍ക്കാറില്‍ നിന്നും ലഭിച്ച 16 കോടിയും ഈ മാസത്തെ കളക്ഷന്‍ വരുമാനവും ചേര്‍ത്ത് ഏതാണ്ട് 54 കോടിയോളം രൂപ കോര്‍പറേഷന്റെ പക്കലുണ്ട്. പ്രതിമാസം 74 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
കഴിഞ്ഞ മാസത്തെ ബാധ്യത തീര്‍ത്തതോടെ ശമ്പള വിതരണത്തിന് പണമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു കെ എസ് ആര്‍ ടി സി. അതിനിടെ ശമ്പളം നല്‍കാന്‍ കഴിഞ്ഞെങ്കിലും പെന്‍ഷന്‍കാരുടെ പ്രശ്‌നം അതേപടി തുടരുകയാണ്.