പാലായിൽ ഇന്ന് വിധിയെഴുത്ത്

Posted on: September 23, 2019 4:53 am | Last updated: September 23, 2019 at 12:40 pm

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ജനം ഇന്ന് വിധി എഴുതും. കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ജോസ് ടോം (യു ഡി എഫ്), മാണി സി കാപ്പൻ (എൽ ഡി എഫ്), എൻ ഹരി (എൻ ഡി എ) എന്നിവരുൾപ്പെടെ 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. എല്ലാ ബൂത്തുകളിലും വി വി പാറ്റ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. രാവിലെ ആറിന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ ആരംഭിക്കും.

87,729 പുരുഷൻമാരും 91,378 സ്ത്രീകളും ഉൾപ്പെടെ മണ്ഡലത്തിൽ ആകെ 1,79,107 വോട്ടർമാരാണ് ഉള്ളത്. പോളിംഗ് സമാപിച്ചാൽ പാലാ കാർമൽ പബ്ലിക് സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുക. പാലായിലും പരിസരത്തും വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോളിംഗിന് മണിക്കൂറുകൾ ശേഷിക്കെ ഇന്നലെ സ്ഥാനാർഥികൾ അവസാനവട്ട നിശ്ശബ്ദ പ്രചാരണം നടത്തി.

അടിയൊഴുക്കുകൾ ഉണ്ടാകാതെ വോട്ടുകൾ ഉറപ്പിക്കുക എന്നതായിരുന്നു മുന്നണികളുടെ ലക്ഷ്യം.
ഇന്ന് രാവിലെ കെ എം മാണിയുടെ പാലായിലെ വസതിയിലും കല്ലറയിലും സന്ദർശിച്ച ശേഷമാകും ജോസ് ടോം വോട്ട് ചെയ്യാൻ പോകുക. മീനച്ചിൽ പഞ്ചായത്തിലെ കൂവത്തോട് ഗവ എൽ പി സ്‌കൂളിലാണ് സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തുക. ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പാലാ തൊടുപുഴ റൂട്ടിലുള്ള കാനാട്ടുപാറ ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ 119ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും.