ബിജെപി നേതാവിനെതിരായ ബലാത്സംഗ കേസ്: നിര്‍ണായക ദൃശ്യങ്ങള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറി

Posted on: September 11, 2019 6:11 pm | Last updated: September 11, 2019 at 6:13 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് ചിന്ദമയാനന്ദിനെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവതി നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി. കേസില്‍ സുപ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് യുവതിയുടെ സുഹൃത്ത് സുപ്രീം കോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (എസ്‌ഐടി) കൈമാറുകയായിരുന്നു. അന്വേഷണ സംഘം 15 മണിക്കൂറിലധികം യുവതിയെ ചോദ്യം ചെയ്തിരുന്നു.

ഒരു വര്‍ഷമായി മുന്‍ കേന്ദ്രമന്ത്രി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയില്‍ യുവതി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ചിന്ദമയാനന്ദ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരന്നുവെന്നും 23കാരിയായ യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ലോ കോളജില്‍ അഡ്മിഷന്‍ ശരിയാക്കുന്നതിനായാണ് യുവതി ചിന്മയാനന്ദിനെ സന്ദര്‍ശിക്കാന്‍ ചെന്നത്. യുവതിക്ക് കോളജില്‍ ജോലി നല്‍കിയ ചിന്മയാനന്ദ് പിന്നീട് അവളോട് ഹോസ്റ്റലില്‍ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ഒരു ദിവസം യുവതിയെ വിളിച്ചുവരുത്തിയ ഇയാൾ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തന്നെ പലവട്ടം ബലാത്സംഗം ചെയ്തതായി യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. പീഡനം സഹിക്കവയ്യാതായതോടെ യുവതി തന്റെ കണ്ണടയില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.

അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ നിരസിച്ചു. തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ചിന്‍മയാനന്ദ് പറഞ്ഞു