ഉന്നാവോ: എയിംസില്‍ സംവിധാനിച്ച പ്രത്യേക കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Posted on: September 11, 2019 1:10 pm | Last updated: September 12, 2019 at 9:43 am

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ മൊഴി എയിംസ് ആശുപത്രിയില്‍ സംവിധാനിച്ച താത്കാലിക കോടതി രേഖപ്പെടുത്തി. പ്രത്യേക കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് എയിംസിലെത്തി മൊഴിയെടുത്തത്. ബലാത്സംഗ കേസിലെ മുഖ്യ പ്രതിയും ബി ജെ പി മുന്‍ നേതാവും എം എല്‍ എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും വിചാരണക്കായി താത്കാലിക കോടതിയിലെത്തിച്ചിരുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില പരിഗണിച്ചുള്ള ഡല്‍ഹി ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ കോടതി സജ്ജീകരിച്ചത്. അവശ നിലയില്‍ കഴിയുന്ന ഇരകളുടെയും പ്രതികളുടെയും മറ്റും മൊഴിയെടുക്കാന്‍ ജഡ്ജിമാര്‍ ആശുപത്രിയില്‍ എത്താറുണ്ടെങ്കിലും ആശുപത്രിയില്‍ തന്നെ താത്ക്കാലിക കോടതി സ്ഥാപിക്കുന്നത് അപൂര്‍വമായ നടപടിയാണ്.

ജൂലൈ 28നാണ് കാറില്‍ ട്രക്കിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റാണ് ഉന്നാവോ പെണ്‍കുട്ടി ആശുപത്രിയിലായത്. ആദ്യം ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. നില ഭേദപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച പെണ്‍കുട്ടിയെ ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അപകടം ആസൂത്രണം ചെയ്തത് തന്നെ ബലാത്സംഗം ചെയ്ത ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്ന് മൊഴിയെടുക്കാനെത്തിയ സി ബി ഐക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ഉന്നാവോ ബലാത്സംഗക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസില്‍ത്തന്നെ വിചാരണ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനും മറ്റ് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ആശുപത്രിയില്‍ത്തന്നെ വിചാരണ നടത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് പ്രത്യേക കോടതി ജഡ്ജി നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.