ഉംറ യാത്രക്കാർക്ക് ഇരുട്ടടിയായി വീണ്ടും സഊദി സർക്കാറിന്റെ ഫീസ് വർധന

Posted on: September 10, 2019 1:34 pm | Last updated: September 10, 2019 at 5:24 pm

എടക്കര: ഉംറ തീർഥാടകർക്ക് ഇരുട്ടടിയായി വീണ്ടും സഊദി സർക്കാറിന്റെ ഫീസ് വർധന. ഈ വർഷത്തെ ഉംറ വിസാ സ്റ്റാമ്പിംഗിലെ പ്രതിസന്ധി തുടരുന്നതിനിടയിലാണ് വീണ്ടും വർധനവുണ്ടായത്. ഈ വർഷം മുതൽ പുതിയ സംവിധാനം വന്നതോടെ തീർഥാടകരുടെ യാത്രയുടെ ചെലവ് കഴിഞ്ഞ വർഷത്തെ നിരക്കിനേക്കാൾ ഏകദേശം 10,000 രൂപക്ക് മുകളിൽ വർധിച്ചിരുന്നു. ഈ വർഷം മുതൽ നിലവിൽ വന്ന പുതിയ സംവിധാനം തുടരുന്നതിനിടയിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇന്നലെ ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് ഉംറ വിസ സ്റ്റാമ്പിംഗിൽ 300 റിയാൽ അധികം ചുമത്തിക്കൊണ്ടുള്ള സഊദി മന്ത്രാലയത്തി െന്റ പുതിയ ഉത്തരവ് അവരുടെ വെബ്‌സൈറ്റിൽ വരുന്നത്.
ഈ വർഷത്തെ ഉയർന്ന യാത്രാചെലവ് തന്നെ ട്രാവൽ എജൻസികൾക്കും യാത്രക്കാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. വിസ അടിക്കാൻ വേണ്ടി ഹോട്ടലും വിമാന ടിക്കറ്റും എല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് വരും ദിവസങ്ങളിൽ പോകാൻ തയ്യാറായി നിൽക്കുന്ന യാത്രക്കാരോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിൽ ട്രാവൽ എജൻസികൾ നിൽക്കുമ്പോഴാണ് വീണ്ടും വിസാ നിരക്ക് വർധിപ്പിച്ചത്.

കഴിഞ്ഞ വർഷം 2,500 രൂപ ഉംറ വിസ അടിക്കാനായി സഊദി സർക്കാർ ഈടാക്കിയപ്പോൾ ഈ വർഷം മുഹർറം ഒന്ന് മുതൽ നിരക്ക് വർധനയോട് കൂടി 8,000 രൂപയാണ് ഇന്നലെ ഉച്ചവരെ ഈടാക്കിയിരുന്നത്. എന്നാൽ 300 റിയാൽ കൂടി ഇന്ന് വർധിക്കുന്നതോടെ ഉംറ വിസാ ഫീസ് മാത്രം 14,000/ രൂപയായി കൂടും. ഇത് നിലവിൽ വരുന്നതോടെ ഉംറ തീർഥാടകരുടെ യാത്രാചെലവിൽ വമ്പിച്ച വർധനയുണ്ടാകും. ഹജ്ജ് സീസൺ കഴിഞ്ഞതോടെ സംസ്ഥാനത്ത് നിന്ന് നല്ലൊരു ശതമാനം ഉംറ തീർഥാടകർ യാത്ര പുറപ്പെടാനിരിക്കുകയാണ്. കുടുംബത്തിൽ നിന്നും മറ്റും കൂടുതൽ അംഗങ്ങൾ യാത്ര തിരിക്കുന്നുണ്ടെങ്കിൽ ഇത് വലിയ സാന്പത്തിക പ്രയാസമാണ് വരുത്തിവെക്കുക. അതേസമയം രണ്ട് വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യം പോകുമ്പോൾ 2,000 റിയാൽ ഉണ്ടായിരുന്നത് ഇപ്പോൾ മൂന്ന് വർഷത്തിനിടയിൽ വീണ്ടും പോകുമ്പോൾ 300 റിയാലായി കുറച്ചിട്ടുണ്ട്.