National
ഇന്ത്യയെ ആക്രമിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഉചിതമായ മറുപടി നല്‍കും: ഉപ രാഷ്ട്രപതി

വിശാഖപട്ടണം: ഇന്ത്യയെ ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യ ഇതുവരെ ഒരു രാഷ്ട്രത്തെയും ആക്രമിച്ചിട്ടില്ല. ആരെയും ആക്രമിക്കുകയുമില്ല. എന്നാല്‍, ഇന്ത്യയെ ആക്രമിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവര്‍ക്ക് ആജീവനാന്തം മറക്കാത്ത രീതിയിലുള്ള മറുപടി നല്‍കും. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഉപ രാഷ്ട്രപതി വ്യക്തമാക്കി.
ആരുടെയും ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്നും അതുപോലെത്തന്നെയാകണം തിരിച്ചുള്ള സമീപനമെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ തുടര്‍ച്ചയായി പരിശീലിപ്പിക്കുകയും സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കുകയും ചെയ്യുകയാണ് പാക്കിസ്ഥാന്‍. മനുഷ്യത്വത്തിനും ഭാവിയില്‍ അവര്‍ക്കു തന്നെയും വരുത്തുന്ന അപകടത്തെ കുറിച്ച് തിരിച്ചറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
ഇന്ത്യക്കു മുന്നില്‍ വ്യോമപാതയും ഇന്ത്യ-അഫ്ഗാന്‍ വ്യാപാരത്തിനായി ഉപയോഗപ്പെടുത്തുന്ന പാതകളും പൂര്‍ണമായി അടച്ചിടുന്ന കാര്യം പരിഗണനയിലാണെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. ഇന്ത്യന്‍ സേനയെ ആക്രമിക്കുന്നതിന് നിയന്ത്രണ രേഖയില്‍ നൂറിലധികം എസ് എസ് ജി കമാന്‍ഡോകളെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.