Connect with us

Gulf

ജിദ്ദയില്‍ പ്രളയത്തിന് പിരിച്ചത് സ്വര്‍ണ്ണമാക്കി കടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന്

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ പ്രളയത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി അത് സ്വര്‍ണ്ണ ബിസ്‌കറ്റുകളാക്കി നാട്ടിലേക്കു കടത്താന്‍ ശ്രമിച്ചെന്ന രൂപത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നയാള്‍ കഴിഞ്ഞ ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി പിടിക്കപ്പെട്ടു എന്നും അത്ജിദ്ദയില്‍ പ്രളയത്തിന്റെ പേരില്‍ ആളുകളില്‍ നിന്നു പിരിച്ചെടുത്ത പണമായിരുന്നുഎന്നുമായിരുന്നു പ്രചരിക്കപ്പെട്ടത്. 814 ഗ്രാം സ്വര്‍ണ്ണം ചായപ്പൊടി പായ്ക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ജിദ്ദയില്‍ നിന്നെത്തിയ ആള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടിയിലായത്. ഏകദേശം 25 ലക്ഷംവിലവരുന്ന സ്വര്‍ണ്ണമാണ് പിടിക്കപ്പെട്ടത്.

എന്നാല്‍ ജിദ്ദയില്‍ ഒരു വ്യക്തിയും ഇത്രയും വലിയതുക പ്രളയത്തിന്റെ പേരില്‍ ആളുകളില്‍ നിന്ന് പിരിച്ചെടുത്തതായി ആര്‍ക്കും വിവരമില്ല. ജിദ്ദയിലെ മുഖ്യധാരാ സംഘടനകളുടെയൊന്നും അറിവില്‍ ഇത്തരമൊരു പിരിവ് നടന്നിട്ടില്ല. മിക്ക സംഘടനകളുടേയും പ്രളയനിധി സമാഹരണം നടക്കുന്നേ ഉള്ളൂ. മാത്രമല്ല അങ്ങനെ പിരിക്കുന്ന പണം ഇത്തരം വ്യക്തികളെ അല്ല ഏല്പിക്കുക. സ്വര്‍ണ്ണം പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി അയാള്‍ പ്രളയത്തിന്റേയും ചാരിറ്റിയുടേയും പേരു പറഞ്ഞതായിരിക്കാമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ നിഗമനം. മാത്രമല്ല വണ്ടൂര്‍ സ്വദേശിയെന്ന് പറയപ്പെടുന്ന അയാളെ വണ്ടൂരിലെ പ്രാദേശിക കൂട്ടായ്മകളോ വ്യക്തികളോ ആരുംതന്നെ അറിയുകയുമില്ല എന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.