Kerala
യു എന്‍ എ തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ക്രൈംബ്രാഞ്ച് എ ഡി ജി പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു എന്‍ എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
യു എന്‍ എയില്‍ മൂന്ന് കോടിയുടെ അഴിമതി നടന്നെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ കഴമ്പില്ലെന്നും അന്വേഷണം നീണ്ടുപോകുകയാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജാസ്മിന്‍ ഷാ ഹൈക്കോടതിയിലെത്തുകയായിരുന്നു.
എന്നാല്‍ കേസ് റദ്ദാക്കാതെ പ്രത്യേക സംഘം രൂപവത്ക്കരിച്ച് പെട്ടന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടത് ജാസ്മിന്‍ഷാക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
അതേ സമയം കേസില്‍ പ്രതിചേര്‍ത്ത ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ വിശദീകരണം.