Gulf
2.5 കോടി വിലയുള്ള മയക്കുമരുന്ന് പിടികൂടി

ദുബൈ: കപ്പലില്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2.5 കോടി ദിര്‍ഹം വിലവരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റും ജബല്‍ അലി കസ്റ്റംസ് സെന്ററും ചേര്‍ന്ന് പിടികൂടി. 251.2 കിലോ ക്രിസ്റ്റല്‍ മെത്തും 6.4 കിലോ ഹെറോയിനും കണ്ടെടുത്തു.
ഓപ്പറേഷന്‍ “ഗിയര്‍ ബോക് സ്” എന്ന് നാമകരണം ചെയ്തായിരുന്നു അന്വേഷണം. വാഹന സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചത് കണ്ടെത്തുക എളുപ്പമായിരുന്നില്ല. മയക്കുമരുന്ന് ശ്രദ്ധാപൂര്‍വം മറച്ചുവെച്ചിട്ടുണ്ടായിരുന്നു. സ്മാര്‍ട് ഡിറ്റക്ഷന്‍ സിസ്റ്റവും ഒരു ക്യാനൈന്‍ യൂണിറ്റും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്‌പെക്ടര്‍മാര്‍ ഇവ കണ്ടെത്തി.
ഏറ്റവും പുതിയ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയും കസ്റ്റംസ് ഉപയോഗിച്ചു. ദുബൈ കസ്റ്റംസ് വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് റിസ്‌ക് എഞ്ചിന്‍, അപകടകരമായ കള്ളക്കടത്തുകളെ തിരിച്ചറിയും. മയക്കുമരുന്ന് ഒളിപ്പിച്ച സ്‌പെയര്‍ പാര്‍ട്‌സുകളെ പെട്ടെന്ന് കണ്ടെത്താനാകും. മയക്കുമരുന്നിന്റെ അപകടങ്ങളില്‍ നിന്ന് നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനായി കള്ളക്കടത്ത് ശ്രമങ്ങളെ തടയാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ജബല്‍ അലി കസ്റ്റംസ് സെന്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ യൂസഫ് അല്‍ ഹാഷിമി പറഞ്ഞു. ഈ നിയമവിരുദ്ധ ശ്രമങ്ങളെ തടയുന്നതിനായി വളരെ വിപുലമായ സംവിധാനം നിര്‍മിച്ചിട്ടുണ്ട്, ഈ പിടിച്ചെടുക്കല്‍ ഉദ്യോഗസ്ഥരുടെ കഴിവും നിലവാരവും ആധുനിക സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിന്റെ ഭീഷണികളില്‍ നിന്ന് നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യാതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ശുഐബ് അല്‍ സുവൈദി അഭിപ്രായപ്പെട്ടു.