പുത്തുമല ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി

Posted on: August 18, 2019 2:29 pm | Last updated: August 18, 2019 at 10:40 pm

മേപ്പാടി: വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു മൃതദേഹം കൂടി കണ്ടെത്തി. പത്തുമല സ്വദേശി അണ്ണയ്യന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ 300 അടിയിലധികം താഴ്ച്ചയുള്ള പാറക്കൂട്ടങ്ങലും മരങ്ങളും നിറഞ്ഞ കൊക്കയിൽ നിന്നാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇതോടെ പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി.

ദുരന്ത സ്ഥലത്ത് നിന്നും അല്‍പം അകലെയുള്ള ഏലവയല്‍ പത്തേക്കറിലെ പുഴയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കൂട്ടങ്ങൾക്കും മരത്തിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.  രാവിലെ 10 മണിയോടെയാണ് ചൂരൽമലയിലെ സന്നദ്ധ പ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്,വളരെ സാഹസം നിറഞ്ഞ സ്ഥലത്തായതിനാൽ ഇവർക്ക് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചില്ല

തുടർന്ന് പോലീസിന്റെയും രക്ഷാപ്രവർത്തകരുടെയും സഹായം തേടുകയായിരുന്നു, ഉച്ചക്ക് ഒരുമണിയോടെ സംഭവസ്ഥലത്തെത്തിയ പോലീസും , ഫയർ ഫോഴ്സ്‍സും , രക്ഷാ പ്രവർത്തകരും എസ്‌വൈഎസ് സ്വാന്തനം വളണ്ടിയർമാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്കായി മേപ്പാടി ഗവർമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

പുത്തുമലയിൽ രക്ഷാ പ്രവർത്തകർ ജീവൻ പണയപ്പെടുത്തിയുള്ള ഏറ്റവും വലിയ രക്ഷാ പ്രവർത്തനമാണ് നടത്തിയത്