Connect with us

Ongoing News

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈസ്വറി കമ്മിറ്റി (സി എ സി) യാണ് ഇന്ന് വൈകീട്ട് തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനങ്ങള്‍ പുറത്തുവിട്ടത്. 2021ല്‍ ഇന്ത്യ വേദിയാകുന്ന ടി ട്വന്റി ലോകകപ്പ് വരെ ശാസ്ത്രി പരിശീലക സ്ഥാനത്തുണ്ടാകും. ആറുപേര്‍ ഉള്‍പ്പെട്ട ചുരുക്ക പട്ടികയില്‍
നിന്നാണ് 57കാരനായ ശാസ്ത്രിയെ തിരഞ്ഞെടുത്തത്.

ലാല്‍ചന്ദ് രജ്പുത് (ടി ട്വന്റി ലോകകപ്പ് -2007ലെ ഇന്ത്യന്‍ ടീം മാനേജര്‍), റോബിന്‍ സിംഗ് (ഇന്ത്യയുടെ മുന്‍ ഫീല്‍ഡിംഗ് കോച്ച്), ടോം മൂഡി (ലോകകപ്പ് 2007ലെ ശ്രീലങ്കന്‍ കോച്ച്), മൈക്ക് ഹെസ്സന്‍ (ലോകകപ്പ്-2007ലെ ന്യൂസിലന്‍ഡ് കോച്ച്), ഫില്‍ സിമ്മണ്‍സ് (ടി ട്വിന്റി ലോകകപ്പ്-2016ലെ വെസ്റ്റിന്‍ഡീസ് കോച്ച്) എന്നിവരായിരുന്നു ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ശാസ്ത്രിക്കാണെന്ന് കപില്‍ ദേവ് പറഞ്ഞു. മൈക്ക് ഹെസ്സന്‍ രണ്ടാം സ്ഥാനത്തും ടോം മൂഡി മൂന്നാമതുമെത്തി.

കപിലിനു പുറമെ ശാന്ത രംഗസ്വാമി, അന്‍ഷുമന്‍ ഗെയ്ക്‌വാദ് എന്നിവരുള്‍പ്പെട്ട സി എ സി വെള്ളിയാഴ്ച രാവിലെയാണ് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖങ്ങള്‍ നടത്തിയത്. രജ്പുത്, ഹെസ്സന്‍, റോബിന്‍ സിംഗ് എന്നിവര്‍ അഭിമുഖത്തിന് നേരിട്ടെത്തിയപ്പോള്‍ മൂഡിയും ശാസ്ത്രിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പങ്കെടുത്തത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാല്‍ സിമ്മണ്‍സ് പിന്മാറുകയും ചെയ്തു.

മുഖ്യ പരിശീലക സ്ഥാനത്ത് തന്റെ കഴിഞ്ഞ കരാര്‍ അടുത്തിടെയാണ് ശാസ്ത്രി പൂര്‍ത്തിയാക്കിയത്. ശാസ്ത്രിക്കു കീഴില്‍ 21 ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യ ആസ്‌ത്രേലിയയില്‍ നേടിയ ചരിത്രം കുറിച്ച പരമ്പര വിജയമുള്‍പ്പടെ 11 എണ്ണത്തില്‍ വിജയിച്ചു. ഏഴെണ്ണത്തില്‍ തോല്‍വിയറിഞ്ഞു. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യ പക്ഷെ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനത്തോടെ താഴേക്കു പോയി. ശാസ്ത്രി പരിശീലകനായ ശേഷം കളിച്ച 61 ഏകദിനങ്ങളില്‍ 44 എണ്ണത്തിലും ടീം വിജയം കുറിച്ചു. 2019 ലോകകപ്പിന്റെ സെമിയിലെത്താനും ടീമിനായി. 36 ടി ട്വന്റികളില്‍ 25 എണ്ണം ഇന്ത്യക്ക് അനുകൂലമായി.

Latest