രക്ഷാദൗത്യം ഊര്‍ജിതമാകണം

Posted on: August 11, 2019 8:19 am | Last updated: August 11, 2019 at 2:34 pm


കേരളം മറ്റൊരു ദുരന്ത മുഖത്താണ്. കഴിഞ്ഞ നാലോ അഞ്ചോ ദിവസങ്ങളായി സംസ്ഥാനത്തെ പൂണ്ടുപിടിച്ച പ്രളയജല ഭീഷണി ഇപ്പോഴും നീങ്ങിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ മഴക്ക് അല്‍പ്പം ശമനമുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഇതുവരെ 50ലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വന്‍ ദുരന്തം തന്നെയാണ് വരുത്തിവെച്ചിരിക്കുന്നത്. അതിന്റെ ആഘാതം എത്രയെന്നറിയണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരവധി പേര്‍ കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയവും ഉരുള്‍പൊട്ടലുമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മുക്തമാകാത്ത നമ്മുടെ നാടിനെയാണ് വീണ്ടും പരീക്ഷണം പിടികൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷാദൗത്യത്തിന് വേണ്ടിയുള്ള നിലവിളികളും ആവശ്യങ്ങളും ഉയരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വന്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശങ്ങളില്‍ രക്ഷാദൗത്യം ആരംഭിച്ചിട്ടേയുള്ളൂ. എല്ലായിടത്തും സര്‍ക്കാര്‍ സംവിധാനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും ദുരന്ത ബാധിതര്‍ കാത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു.
നിലവില്‍ ഉരുള്‍പൊട്ടല്‍ മേഖലകളിലാണ് കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, മലപ്പുറം കവളപ്പാറ ഭൂദാനം കോളനികളില്‍ ഇപ്പോഴും വേണ്ടരീതിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇവിടെ തിരച്ചില്‍ പുരോഗമിക്കുന്നത് എന്നതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ തന്നെ ദിവസങ്ങളെടുക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ മണ്ണിടിച്ചില്‍ തുടരുന്നത് കാര്യങ്ങള്‍ വീണ്ടും വഷളാക്കുകയാണ്.

ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും സഹായത്തിനായി നിരന്തര അഭ്യര്‍ഥനകള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നുകൊണ്ടേയിരിക്കുന്നു. കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം മുന്നില്‍ നിന്നത് നാം തന്നെയാണ്. ജാതി, മത ഭേദമില്ലാതെ സര്‍വരും രംഗത്തിറങ്ങിയതിനാല്‍ നമുക്കതിനെ അതിവേഗം ജയിച്ചടക്കാനായി. സമാനമായ ഒത്തൊരുമയില്‍ തന്നെ നീങ്ങിയാലേ ഇപ്പോള്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറൂ എന്നുറപ്പാണ്. ഉടപ്പിറപ്പുകള്‍ കണ്‍മുന്നില്‍ അപകടത്തില്‍പ്പെട്ടതിന്റെയും ജീവിത കാലം മുഴുവന്‍ സമ്പാദിച്ചവ നിമിഷ നേരത്തെ പ്രളയക്കൊടുങ്കാറ്റില്‍ തകര്‍ന്നടിയുന്നതിന്റെയും കാഴ്ചകളില്‍ നിന്ന് ഇപ്പോഴും മുക്തമാകാത്തവരാണ് ഇരകളില്‍ ഭൂരിഭാഗവും. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ന്നടിഞ്ഞവര്‍. അവരിലേക്ക് ആശ്വാസത്തിന്റെയും സഹായത്തിന്റെയും സഹകരണത്തിന്റെയും കൈ നീട്ടി നല്‍കേണ്ടത് അനിവാര്യമാണ്. ദുരിതബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ പരമാവധി സഹായ സഹകരണങ്ങളുമായി രംഗത്തിറങ്ങണം. ദുരിതത്തില്‍ കാലിട്ടടിക്കുന്ന മനുഷ്യര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുന്നത് വലിയ പുണ്യകര്‍മമാണ്. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിന് സന്നദ്ധ സംഘടനകളും മത സംഘടനകളും യുവജന പ്രസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിട്ടുണ്ട്. എന്നാല്‍പോലും പലയിടങ്ങളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം വേണ്ടത്ര രീതിയില്‍ പുരോഗമിച്ചിട്ടില്ല.

വീടുകളില്‍ അകപ്പെട്ടവരെ ഇപ്പോഴും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടിനടക്കുന്നുണ്ട്. മുപ്പതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നേരിട്ട ദുരന്തം വലിയതാണെന്നതിനാല്‍ ഇനിയും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കൈമെയ് മറന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കരകയറൂ. അതിന് നാം കൈകോര്‍ക്കണം. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ വരും ദിനങ്ങളില്‍ കരളലിയിക്കുന്ന വാര്‍ത്തകള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടിവരും.
കാലവര്‍ഷക്കെടുതിയെ നാടൊന്നിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉണര്‍ത്തിയിരുന്നു. കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഈ ദുരന്തത്തിനിടയിലും ചില സാമൂഹിക ദ്രോഹികള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നിന്ന് പിന്മാറണമെന്നും മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
മറ്റെല്ലാം മറന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വന്തം ജീവന്‍ പോലും മറന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പ് ജീവനക്കാരും സജീവമായി തന്നെ ഇടപെടുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴും അതീവ ജാഗ്രത അനിവാര്യമാണ്.

പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുന്നുണ്ട്. ദിശമാറിയൊഴുകുന്ന പുഴകളും മറ്റും അപകടം ഒളിച്ചുകിടക്കുന്ന പ്രദേശങ്ങളാണ്. അതുകൊണ്ട് ആത്മരക്ഷ ഉറപ്പാക്കുക എന്നതും അനിവാര്യമാണ്. രക്ഷാപ്രവര്‍ത്തന ദൗത്യത്തിനിടെ കെ എസ് ഇ ബി അസിസ്റ്റന്റ്എന്‍ജിനീയര്‍ ബൈജു മരിച്ച വാര്‍ത്ത ഏറെ വേദനയുളവാക്കുന്നതാണ്. മരം മുറിച്ചുമാറ്റുന്നതിനിടെ മുകളില്‍ നിന്ന് വീണ് അഗ്‌നിരക്ഷാ സേനാംഗത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. സമാനമായ മറ്റു ചില സംഭവങ്ങളും നമുക്ക് കേള്‍ക്കേണ്ടിവന്നു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് വലിയ അപകടം വിളിച്ചുവരുത്തും. രക്ഷാദൗത്യത്തിലേര്‍പ്പെടുന്നവര്‍ അതിനെ കുറിച്ചും ജാഗ്രതയുള്ളവരാകണം.