Kerala
പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 76 ആയി; ദുരിതാശ്വാസ ക്യാമ്പിലുള്ളത് 2,27,331 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 76 ആയി. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഗീതുവിന്റെയും രണ്ട് വയസ്സുകാരനായ മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഗീതുവിന്റെ ഭര്‍ത്താവിന്റെ അമ്മക്കായി തിരിച്ചില്‍ തുടരുകയാണ്. അതിനിടെ കാസര്‍കോട് ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. നീലേശ്വരം ചാത്തമത്ത് കൊഴുമ്മല്‍ അമ്പൂട്ടി (75) ആണ് മരിച്ചത്.
ഏറ്റവും നാശംവിതച്ച നിലമ്പൂര്‍ പോത്ത്കല്ല് കവളപ്പാറയില്‍ 11 പേരുടെയും മേപ്പാടി പുത്തുമലയില്‍ പത്ത് പേരുടെയും മൃതദേഹം കണ്ടെത്തി. പോത്ത്കല്ല് കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. വിക്ടറുടെ മകള്‍ അലീന, മുതിരപ്പറമ്പ് മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങളടക്കം പതിനൊന്ന് മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മൂന്ന് മൃദേഹങ്ങള്‍ കൂടി കണ്ടെത്താനായിട്ടുണ്ട്. അതിനിടെ, ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് ശാന്തന്‍പാറ ഈട്ടിക്കല്‍ സാബു എന്നയാളെ കാണാതായി. ഇയാളെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടന്നുവരികയാണ്.
മലപ്പുറം വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന ആദിവാസികള്‍ക്ക് ഭക്ഷണം എത്തിച്ചു. വാണിയംപുഴയില്‍ 71 പേരെ ഹെലികോപ്ടറില്‍ രക്ഷിച്ചു. ബാക്കിയുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരികയാണ്. നാല് ദിവസമായി 200 ഓളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ആദിവാസികളും തോട്ടംതൊഴിലാളികളുമാണ് ഇവിടെയുള്ളത്. ഇതിനിടെ കോളനിയിലെ ആറ് പേര്‍ പുഴ നീന്തിക്കടന്ന് മുണ്ടേരിയിലെത്തി. കുടിലുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും കാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇതില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65548 കുടുംബങ്ങളാണുള്ളത്. 2,27,331 പേരാണ് ക്യാമ്പിലുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴക്ക് ഇന്ന് കുറുവണ്ട്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണമെന്ന്കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.
മലയോര ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചൊവ്വാഴ്ച വരെ തീരദേശ ജില്ലകളില്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ്അലെര്‍ട്ട് നിലനില്‍ക്കുന്നത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. തേജസ്വനി പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെല്ലാം വെള്ളം ഇറങ്ങി തുടങ്ങി. പലയടിത്തും ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി.
വളപ്പാറയിലും മേപ്പോടി പുത്തുമലയിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ പീരുമേട്ടില്‍ മഴ കുറഞ്ഞു. മഴ മാറിയതോടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകള്‍ വൃത്തിയാക്കാന്‍ മടങ്ങി. താമരശ്ശേരി ചുരം വഴിയുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസ് പുനരാരംഭിച്ചു.
അട്ടപ്പാടി താവളത്ത് പ്രധാന റോഡുകള്‍ മണ്ണിടിച്ചിലില്‍ ഒലിച്ച്‌പോയി. പമ്പയില്‍ ജലനിരപ്പ് താഴ്ന്നു. പത്തനംതിട്ടയില്‍ പല ഭാഗത്തും വെള്ളക്കെട്ടുകള്‍ നീങ്ങി.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായുള്ള സ്വാന്തന പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും പുരോഗമിക്കുകയാണ്. ഒപ്പം ദുരന്ത നിവാരണത്തിനായും കാണാതായവരെ കണ്ടെത്തുന്നതിനായും യോജിച്ച പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.