Kerala
നിലമ്പൂരിനൊപ്പം ഉണ്ടാകണം, ഒന്നിച്ച് കൂടെ നില്‍ക്കണം: അന്‍വര്‍ എം എല്‍ എ

നിലമ്പൂര്‍: ദുരന്തഭൂമിയായി മാറിയ പോത്ത്കല്ലിലെയും സമീപ പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങള്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍.
എഴ്‌നൂറോളം കുടുബങ്ങളാണ് പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം പ്രളയദുരിതമനുഭവിക്കുന്നത്. നാട് അഭിമുഖീകരിക്കുന്ന ദുരന്തത്തില്‍ ഏവരുടെയും പിന്തുണയും കൈത്താങ്ങും ആവശ്യമാണെന്നും കേരളീയര്‍ തെക്ക്-വടക്ക് ഭേദമില്ലാതെ നിലമ്പൂരിനൊപ്പം ഉണ്ടാകണമെന്നും ഒന്നിച്ച് കൂടെ നില്‍ക്കണമെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
7000ല്‍ പരം ആളുകളാണ് പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം പ്രളയ ദുരിതത്തില്‍ നരകിക്കുന്നത്. ഇന്ന് പോത്തുകല്ലിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച്, ജനങ്ങളെ ആശ്വസിപ്പിച്ചു.നിലമ്പൂര്‍ മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. എല്ലാ സഹായങ്ങളും നല്‍കി സര്‍ക്കാര്‍ കൂടെയുണ്ട്. മുഖ്യമന്ത്രിയും, ജില്ലയിലെ ചുമതലക്കാരനുമായ മന്ത്രി. ശ്രീ.കെ.ടി ജലീലും നിരന്തരം ഇവിടുത്തെ വിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. കവളപ്പാറയില്‍ പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം തിരച്ചില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 4 ശരീരങ്ങള്‍ വീണ്ടെടുക്കാനേ കഴിഞ്ഞിട്ടുള്ളൂ. അതീവ ദുഷ്‌ക്കരമാണ് കവളപ്പാറയിലെ രക്ഷാദൗത്യം. മണ്ണിടിച്ചില്‍ രൂക്ഷമായതിനാല്‍, ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തകരും ഞങ്ങളും ദുരന്തഭൂമിയില്‍ തുടരുന്നത്.
തൃപ്പൂണിത്തുറ എം.എല്‍.എയും പോത്തുകല്ല് സ്വദേശിയുമായ പ്രിയപ്പെട്ട എം സ്വരാജും ഞാനും സദാസമയവും നിലമ്പൂരിലെയും,പോത്തുകല്ലിലെയും ജനങ്ങള്‍ക്കൊപ്പമുണ്ട്.ഈ നാട് അഭിമുഖീകരിക്കുന്ന ദുരന്തത്തില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഏവരുടെയും പിന്തുണയും കൈത്താങ്ങും ആവശ്യമാണ്.
നിങ്ങള്‍, കേരളീയര്‍ തെക്ക്-വടക്ക് ഭേദമില്ലാതെ നിലമ്പൂരിനൊപ്പം ഉണ്ടാകണം..
ഒന്നിച്ച് കൂടെ നില്‍ക്കണം..
ഞങ്ങളെ സഹായിക്കണം..