Eranakulam
അപകടത്തിന്റെ റിപ്പോർട്ട് എപ്പോൾ നൽകുമെന്ന് ഹൈകോടതി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണക്കണമെന്ന സർക്കാർ ഹർജിയിൽ വീണ്ടും പോലീസിന് ഹൈക്കോടതിയുടെ വിമർശം. അപകട സ്ഥലത്ത് പോലീസ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിലവിലുണ്ടോയെന്ന് ചോദിച്ച കോടതി പോലീസിന് നടപടികളിൽ വീഴ്ച ഉണ്ടായോ എന്നു വീണ്ടും ആരാഞ്ഞു.
എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ നിലവിലുണ്ടെന്നും അപകടത്തിൽ ഉൾപ്പെട്ടവരുടെ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്ന് സർക്കുലറിൽ പറയുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പോലീസിന് നടപടികളിൽ വീഴ്ച ഉണ്ടായിട്ടുണ്ടാവാമെന്നും ഇതിന്റെ പേരിൽ നരഹത്യാക്കുറ്റം ഇല്ലാതാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഡോക്ടറും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ പ്രതി ഈ മേഖലയിൽ പരമാവധി വേഗം 50 കിലോമീറ്ററാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അമിത വേഗത്തിൽ കാറോടിച്ചതെന്ന് സർക്കാർ വാദിച്ചു. അത്യാധുനിക കാറാണ് അപകടമുണ്ടാക്കിയതെന്നും അമിതവേഗമായിരുന്നോ എന്ന് റെക്കോർഡ് ചെയ്യാനുള്ള സംവിധാനം അതിലുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. അപകടത്തിന്റെ വിശദാംശങ്ങൾക്കായി ക്രാഷ് ടെസ്റ്റ് നടത്തുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അതേ സമയം ഇതിന്റെ റിപ്പോർട്ട് എന്ന് നൽകാനാവുമെന്ന് കോടതി വാക്കാൽ ചോദിച്ചു. കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിന് സർക്കാർ അഭിഭാഷകന്റെ മറുപടി. തിരുവനന്തപുരത്താണ് സംഭവം നടന്നതെന്നും ഒറ്റപ്പെട്ട പ്രദേശത്തല്ലല്ലോയെന്നും കോടതി ചോദിച്ചു. ഇതുവരെ ശ്രീറാമിനെ ചോദ്യം ചെയ്യാനായില്ലേയെന്ന ചോദ്യത്തിന് പ്രതിക്ക് അംനേഷ്യയാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി മറുപടി നൽകി.അതേസമയം, മദ്യപിച്ചല്ല വാഹനമോടിച്ചതെന്ന വാദം ശ്രീറാമിന്റെ അഭിഭാഷകൻ ഹൈക്കോടതിയിലും ആവർത്തിച്ചു.
മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെങ്കിലും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് റിപ്പോർട്ടുള്ള കാര്യം കോടതി നിരീക്ഷിച്ചു. എന്നാൽ രക്തപരിശോധനയിൽ തെളിവില്ലാത്ത സാഹചര്യത്തിൽ മനപ്പൂർവമുള്ള നരഹത്യ നിലനിൽക്കില്ലെന്ന് ശ്രീറാമിന്റെ അഭിഭാഷൻ വാദിച്ചു. എന്നാൽ, പത്ത് മണിക്കൂറിനു ശേഷം രക്തം പരിശോധിച്ചാൽ തെളിവുണ്ടാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് രാജവിജയരാഘവൻ ഹർജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി.