International
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കി; രാജ്യത്തെ വ്യോമ പാത ഭാഗികമായി അടച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മഷീണര്‍ അജയ് ബിസരിയയെ പാക്കിസ്ഥാന്‍ പുറത്താക്കി. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ പ്രാധാന്യം കുറച്ച ശേഷം മിനുട്ടുകള്‍ക്കകമാണ് പാക് നടപടി. പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ നടന്ന ദേശീയ സുരക്ഷാ കമ്മിറ്റി (എന്‍ എസ് സി) യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. യോഗത്തില്‍ ഉന്നത സിവില്‍-സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയുടെ ഹൈക്കമ്മീഷണറെ തിരിച്ചയച്ച പോലെ തന്നെ പാക്കിസ്ഥാന്റെ അംബാസഡര്‍മാര്‍ ഇനി ന്യൂഡല്‍ഹിയില്‍ ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേശി ടെലിവിഷനില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, രാജ്യത്തെ വ്യോമ പാതയും പാക്കിസ്ഥാന്‍ ഭാഗികമായി അടച്ചു. സെപ്തംബര്‍ അഞ്ച് വരെയാണ് വ്യോമ പാത അടച്ചത്. ബാലകോട്ട് ആക്രമണത്തെ പിന്തുടര്‍ന്നും പാക്കിസ്ഥാന്‍ വ്യോമ പാത അടച്ചിരുന്നു. നാലര മാസങ്ങള്‍ക്കു ശേഷമാണ് പാത തുറന്നത്. ഫെബ്രുവരി 26നും ജൂലൈ 15നു ഇടക്കുള്ള കാലയളവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ പാതയില്‍ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ തുറന്നുകൊടുത്തിരുന്നത്.