National
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂര്‍ സര്‍വ്വകലാശാലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. പരിപാടിക്ക് മുമ്പായി ദേശീയഗാനാലാപനം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം മറ്റ് പൊതുപാരിടികള്‍ റദ്ദാക്കി നാഗ്പൂരിലേക്ക് മടങ്ങി.
തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഹമദ്‌നഗറിലെ മഹാത്മാഗാന്ധി കാര്‍ഷിക സര്‍വ്വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴും നിതിന്‍ ഗഡ്ക്കരി കുഴഞ്ഞുവീണിരുന്നു. അന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇടയാക്കിയത്.