ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത് രാജ്യഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇടതുപക്ഷം

Posted on: July 29, 2019 1:04 pm | Last updated: July 29, 2019 at 1:04 pm

ന്യൂഡല്‍ഹി: ഉന്നാവോ ലൈംഗികാക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ഇടത് എം പിമാരായ എളമരം കരീമും ബിനോയ് വിശ്വവുമാണ് നോട്ടീസ് നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള അടിയന്തര പ്രമേയ നോട്ടീസാണ് ചട്ടം 267 പ്രകാരം ഇരുവരും നല്‍കിയത്. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നും ഇവര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന സൂചന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ആരോപണ വിധേയനായ എം എല്‍ എയാണ് ആക്രമണത്തിന് പിന്നിലെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇത് വെറുമൊരു അപകടം മാത്രമാണെന്ന് യു പി ഡി ജി പി പ്രതികരിച്ചത്. ട്രക്ക് അമിത വേഗത്തിലായിരുന്നെന്നും അദ്ദേഹം പറയുന്നു. ഡ്രൈവറേയും ട്രക്കിന്റെ ഉടമസ്ഥനേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ എന്ത് അന്വേഷണത്തിനും തയ്യാറാണെന്നും ഡി ജി പി പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനുമേല്‍ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മാതാവും ഒരു ബന്ധുവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.