സി ഐ എയുടെ 17 ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍; ഇവരില്‍ ചിലര്‍ക്ക് വധശിക്ഷ

Posted on: July 22, 2019 2:41 pm | Last updated: July 22, 2019 at 4:01 pm

ടെഹ്‌റാന്‍: യു എസ് ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയതായി ഇറാന്‍. രാജ്യത്തിന്റെ ഇന്റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ വെളിപ്പെടുത്തിയതായാണ് ഇക്കാര്യം. അറസ്റ്റിലായവരില്‍ ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായി മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. സാമ്പത്തികം, ആണവം, അടിസ്ഥാന സൗകര്യം, സൈന്യം, സൈബര്‍ തുടങ്ങിയ മേഖലകളിലെ നിര്‍ണായക വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനുമേല്‍ യു എസ് ഉപരോധം ശക്തമാക്കി മൂന്നു മാസത്തിനു ശേഷമാണ് ചാരന്മാരെ പിടികൂടിയതായുള്ള വെളിപ്പെടുത്തല്‍ ഇറാന്‍ നടത്തിയത്. ഉപരോധം ശക്തമാക്കിയ ശേഷം യു എസിനും ബ്രിട്ടനുമെതിരെ ചാരപ്രവര്‍ത്തനവും മറ്റും ആരോപിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. ജൂലൈ നാലിന് ഇറാനിയന്‍ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്തു വച്ച് ബ്രിട്ടന്‍ പിടികൂടി. ഇതിനു തിരിച്ചടിയായി കഴിഞ്ഞാഴ്ച ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാനും കസ്റ്റഡിയിലെടുത്തു.