Connect with us

National

പശ്ചിമ ബംഗാളിലും കുതിരക്കച്ചവടത്തിന് ശ്രമം: മമതാ ബാനർജി

Published

|

Last Updated

കൊൽക്കത്തയിൽ നടന്ന മെഗാ റാലിയെ മമതാ ബാനർജി അഭിസംബോധന ചെയ്യുന്നു

കൊൽക്കത്ത: കർണാടകയിലേത് പോലെ പശ്ചിമ ബംഗാളിലും ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൂറുമാറാൻ തൃണമൂൽ എം എൽ എമാർക്ക് ബി ജെ പി രണ്ട് കോടി രൂപയും പെട്രോൾ പമ്പും വാഗ്ദാനം ചെയ്തതായി മമത ആരോപിച്ചു. പ്രവർത്തകരും നേതാക്കളും ബി ജെ പിയുടെ കെണിയിൽ വീഴരുത്. വർഗീയ വിഭജനത്തിനുള്ള അവരുടെ ശ്രമം ചെറുക്കണം- മെഗാ റാലിയെ അഭിസംബോധന ചെയ്യവേ അവർ പറഞ്ഞു.

ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ചിട്ടി ഫണ്ട് കുംഭകോണ കേസിൽപ്പെടുത്തി ജയിലിലടക്കുമെന്ന് തൃണമൂൽ എം എൽ എമാരെയും നേതാക്കളെയും ദേശീയ അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് നറികേടാണ്. പാർലിമെന്റ് നടപടിക്രമങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ക്രഡിറ്റ് പ്രതിപക്ഷത്തിനാണ്. ഭരണപക്ഷത്തിനല്ലെന്നും മമത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വിജയം ഹിസ്റ്ററിയല്ല, മിസ്റ്ററിയാണെന്നും അവർ പറഞ്ഞു. പണം, പോലീസ്, വോട്ടിംഗ് മെഷീൻ എല്ലാം ചേർന്ന വിജയമാണ് അവർ നേടിയത്. നിഗൂഢമാണ് അത്. ബാലറ്റ് പേപ്പർ കൊണ്ടുവന്നാൽ തീരും അവരുടെ അഹങ്കാരമെന്നും മമത കൂട്ടിച്ചേർത്തു.

Latest