Connect with us

Thiruvananthapuram

മഴ: പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം

Published

|

Last Updated

തിരുവനന്തപുരം: അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് സർക്കാർ. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ടവയും ഉൾപ്പെടുത്തി എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം.

മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരും നിർദേശം പാലിക്കണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
ടോർച്ച്, റേഡിയോ, 500 മി ല്ലി വെള്ളം, ഒ ആർ എസ് പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ കത്തി, ക്ലോറിൻ ടാബ്ലെറ്റ്, ബാറ്ററി ബേങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, സാധാരണ മൊബൈൽ ഫോൺ, കുറച്ച് പണം, എ ടി എം കാർഡ് പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും അടിയന്തര സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിൽ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

Latest