ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാകും;പ്രഖ്യാപനം ദേശീയ കൗണ്‍സിലിന് ശേഷം

Posted on: July 19, 2019 12:26 pm | Last updated: July 19, 2019 at 7:26 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയാവും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. നിലവിലെ ജനറല്‍ സെക്രട്ടറി രാജി സന്നദ്ധത ആറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. ദേശീയരംഗത്തെ ഇടപെടല്‍, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ ഡി രാജക്ക് അനുകൂല ഘടകങ്ങളായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം. ബിനോയ് വിശ്വത്തിന്റെ പേരും ചര്‍ച്ചയായിരുന്നെങ്കിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം തന്നെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.