ജസ്റ്റിസ് എ കെ സിക്രിയെ സിംഗപ്പൂര്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ ജഡ്ജിയായി നിയമിച്ചു

Posted on: July 15, 2019 9:19 pm | Last updated: July 16, 2019 at 11:16 am

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയെ സിംഗപ്പൂര്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ (എസ് ഐ സി സി) ജഡ്ജിയായി നിയമിച്ചു. ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് നിയമനമെന്ന് സിംഗപ്പൂര്‍ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 2021 ജനുവരി നാലിനാണ് കാലാവധി അവസാനിക്കുക.

വിദേശ രാഷ്ട്രങ്ങളിലെ വ്യക്തികളും സംഘടനകളുമൊക്കെയായി ബന്ധപ്പെട്ട വാണിജ്യ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രസ്തുത രാഷ്ട്രങ്ങളിലെ സുപ്രീം കോടതിയുടെയും സിംഗപ്പൂര്‍ ഹൈക്കോടതിയുടെയും ഭാഗമായി രൂപവത്കരിക്കപ്പെട്ട വിഭാഗമാണ് എസ് ഐ സി സി. നിലവില്‍ 16 അന്താരാഷ്ട്ര ജഡ്ജിമാര്‍ എസ് ഐ സി സിയുടെ പാനലിലുണ്ട്.

ജസ്റ്റിസ് എ കെ സിക്രിയെ അടുത്തിടെ ന്യുസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി (എന്‍ ബി എസ് എ) യുടെ ചെയര്‍പേഴ്‌സണായി നിയമിച്ചിരുന്നു. സു്പ്രീം കോടതി ജഡ്ജിയായി 2013 ഏപ്രിലില്‍ അവരോധിതനായ സിക്രി ആറു വര്‍ഷത്തെ സേവനത്തിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് വിരമിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും ഡല്‍ഹി ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.