Connect with us

Gulf

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന് കേസ്

Published

|

Last Updated

റാസ് അല്‍ ഖൈമ: അവിഹിതബന്ധം കണ്ടെത്താന്‍ രഹസ്യമായി ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടത്.

ഫോണ്‍ പരിശോധിച്ച കാര്യം ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാറുണ്ടെന്നും ഭാര്യ പറഞ്ഞു. അജ്ഞാതയായ ഒരു സ്ത്രീയുമായി ഭര്‍ത്താവിനുള്ള അവിഹിതബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. യുഎഇ നിയമപ്രകാരം സ്വകാര്യതാ ലംഘനം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.അതേസമയം, ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ യുവതി വര്‍ഷങ്ങളോളം ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അവരെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Latest